

ദോഹ: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ മനുഷ്യന് വഴി കാണിക്കുന്ന വെളിച്ചമാണ് ഖുര്‍ആന്‍ എന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി അഭിപ്രായപ്പെട്ടു. ‘ലൂമിനസ് 2022’ എന്ന പേരില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച വെളിച്ചം പഠിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വെളിച്ചം പഠന പദ്ധതിയുടെ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ‘ഖുര്‍ആനിന്റെ മാനവിക മുഖം’ എന്ന വിഷയത്തില്‍ ഡോ. താജ് ആലുവയും ‘ഖുര്‍ആന്‍ മനുഷ്യനോട് സംവദിക്കുന്നു’ എന്ന വിഷയത്തില്‍ അബ്ദുല്‍ നാസര്‍ നദ്‌വിയും ‘പുതുതലമുറയുടെ ഖുര്‍ആന്‍ വായന’ എന്ന വിഷയത്തില്‍ ഫാത്തിമ ഹിബയും ‘ഖുര്‍ആന്‍ വിജ്ഞാന വിസ്മയം’ എന്ന വിഷയത്തില്‍ ഡോ. ജാബിര്‍ അമാനിയും പ്രഭാഷണങ്ങള്‍ നടത്തി.

വെളിച്ചം മോഡ്യൂള്‍ 3 വിജയികളായവര്‍ക്കും 22-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കും ദോഹ മേഖല കമ്മിറ്റി നടത്തിയ വാട്‌സ്ആപ്പ് ഖുര്‍ആന്‍ പാരായണ, ക്വിസ് മത്സരവിജയികള്‍ക്കും യൂണിറ്റി ജനറല്‍ കണ്‍വീനര്‍ ഖലീല്‍ എ പി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, സിറാജ് ഇരിട്ടി, സൈനബ അന്‍വാരിയ്യ തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്ലാമിക് സ്റ്റഡി സെന്റര്‍ തുമാമ, മദീന ഖലീഫ, സീഡ്‌സ് ഓണ്‍ലൈന്‍ അക്കാദമി മദ്രസകളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ പരിപാടിക്ക് ആകര്‍ഷണമേകി.

