
ദോഹ: പ്രാദേശിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദുമായി ഫോണില്‍ ചര്‍ച്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ വിഷയമായി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം, പ്രാദേശിക സുരക്ഷയും സ്ഥിരതയും എന്നിവയും ഇരുനേതാക്കളും വിലയിരുത്തി.

കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പരിഹാരത്തിലെത്തുന്നതിനും മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കുന്ന സമഗ്ര കരാറിന് വഴിയൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
