

ദോഹ: മണിയൂര്‍ പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും പ്രവാസികളെ ഉള്‍പ്പെടുത്തി മവാഖ് മഹാ ഇഫ്താര്‍ സംഗമം പേള്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. ലഹരിമുക്ത മണിയൂര്‍ എന്ന സന്ദേശത്തില്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലഹരിവിരുദ്ധ മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലഹരിക്കെതിരെ മവാഖിന്റെ കയ്യൊപ്പ് സംഘടിപ്പിച്ചു.

പങ്കെടുത്ത വനിതകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ കയ്യൊപ്പ് ചാര്‍ത്തി പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു. മണിയൂരില്‍ നടക്കുന്ന ക്യാമ്പയിന് സര്‍വ്വ സഹായവും സഹകരണവും നല്‍കുമെന്ന പ്രതിജ്ഞ എടുത്തു.


യോഗത്തില്‍ പ്രസിഡണ്ട് സാജിദ് ടി പി അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മത് പി എം, സിറാജ് സി വി, ജുനൈദ് മര്‍വ, ശരീഫ് കെ ടി കെ, ഫൈസല്‍ കല്ലായി, മുസ്തഫ പതിയാരക്കര, നവാസ് കെ കെ തുടങ്ങിയവര്‍ ഇഫ്താറിന് നേത്യത്വം നല്‍കി.
ആയിരത്തോളം പേര്‍ പങ്കെടുത്ത പരിപാടി നാടിന്റെ സംഗമമായിരുന്നു. വനിതകള്‍ ഒരുക്കി തയ്യാറാക്കിയ വിഭവങ്ങള്‍ ഇഫ്താറിന് മാറ്റേകി. ഖത്തറിലെ എല്ലാ ദിക്കില്‍ നിന്നും സഹകാരികള്‍ ഒഴുകിയെത്തിയതിനാല്‍ കാണാനും അതുവഴി സൗഹൃദം പുതുക്കാനും സ്‌നേഹന്വേഷണങ്ങള്‍ കൈമാറാനും പലര്‍ക്കും അവസരം ലഭിച്ചതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
മണിയൂര്‍ നിവാസികളുടെ ഇടയില്‍ കഴിഞ്ഞ 24 വര്‍ഷമായി ഖത്തറില്‍ പ്രവര്‍ത്തിച്ച് വരുന്ന സംഘടനയാണ് മവാഖ്. എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള സംഗമങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ട്രഷറര്‍ സൈഫ് അബ്ദുള്ള നന്ദി അറിയിച്ചു.

