

ദോഹ: ഖത്തറില്‍ നിരോധിച്ച വസ്തു കടത്താന്‍ നടത്തിയ ശ്രമം പിടികൂടി ഖത്തര്‍ കസ്റ്റംസ്. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിലെ തപാല്‍ കണ്‍സൈന്‍മെന്റ് വിഭാഗമാണ് ഖത്തറിലേക്ക് ഷാബു കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത മയക്കുമരുന്ന് അധികാരികള്‍ക്ക് കൈമാറി. കടലാസ് ഫയലുകള്‍ ഉള്‍പ്പെടെ സ്റ്റേഷനി ഇനങ്ങള്‍ക്കിടയില്‍ സൂക്ഷിച്ച നിലയില്‍ 499 ഗ്രാം ഷാബുവാണ് പിടിയിലായത്.

അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചും കള്ളക്കടത്ത് നടത്തുന്നവരുടെ ശരീര ഭാഷയില്‍ നിന്നും മനസ്സിലാക്കിയും കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ രീതിയെ കുറിച്ചുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകുന്നതിനാല്‍ ഖത്തറിലേക്ക് മയക്കുമരുന്നോ നിരോധിക്കപ്പെട്ട വസ്തുക്കളോ കടത്തുന്നത് അത്യന്തം അപകടകരമാണെന്നും പിടിക്കപ്പെട്ടാല്‍ യാതൊരു വിധത്തിലും രക്ഷപ്പെടാനാവില്ലെന്നും കസ്റ്റംസ് അധികൃതര്‍ മുന്നറിയിപ്പ് നല്കി.

