Featured
യു എ ഇയിലെ വിദ്യാലയങ്ങളില്‍ രണ്ടു ഗ്രൂപ്പുകളായി പഠനം പുനഃരാരംഭിക്കുന്നു
ദുബൈ: യു എ ഇയില്‍ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് തിരികെയെത്തുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കുക.


ആദ്യ ഗ്രൂപ്പിന് ജനുവരി 24ന് ക്ലാസുകള്‍ ആരംഭിക്കും. ആദ്യ ഗ്രൂപ്പില്‍ ചെറിയ കുട്ടികള്‍, പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍, ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ 12, 13 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍, അന്തര്‍ദേശീയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.

രണ്ടാം ഗ്രൂപ്പിന് ജനുവരി 31നാണ് ക്ലാസുകള്‍ ആരംഭിക്കുക. ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെടാത്തവരെല്ലാം രണ്ടാം ഗ്രൂപ്പിലായിരിക്കും.
വിദ്യാലയങ്ങളിലേക്ക് തിരികെയെത്തുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം 96 മണിക്കൂറിനകം പരിശോധന നടത്തിയ പി സി ആറിന്റെ നെഗറ്റീവ് ഫലം ഉണ്ടായിരിക്കണം. രക്ഷിതാക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ പാസ് കാണിച്ചിരിക്കണം. രക്ഷിതാക്കള്‍ക്കും 96 മണിക്കൂറിനകം പരിശോധന നടത്തി നെഗറ്റീവായ പി സി ആര് ഉണ്ടായിരിക്കണം.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്കൂള്‍ ട്രിപ്പുകള്‍ ഉണ്ടായിരിക്കില്ല. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷം കലാ- കായിക പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ്.
രക്ഷിതാക്കള്‍ ആവശ്യപ്പെടുകയാണെങ്കില് വിദ്യാര്‍ഥികള്‍ക്ക് വിദൂര പഠന സമ്പ്രദായം അനുവദിക്കും. സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ നേരിട്ട് ബന്ധപ്പെടുന്നതും നിലവിലുള്ള അവസ്ഥകള്‍ വിശദീകരിക്കുന്നതുമായിരിക്കും.
പി സി ആര് പരിശോധന നടത്തുമ്പോഴുള്ള തിരക്കുകള്‍ ഒഴിവാക്കാന്‍ ആവശ്യമായ സമയ പരിധിയില്‍ പരിശോധനയ്ക്ക് തയ്യാറെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.





