
ദോഹ: 48-ാമത് ലോക സൈനിക പാരച്യൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഖത്തര്‍ സായുധസേനയിലെ പ്രത്യേക സേനാംഗത്തിന് ആദരം. ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹസ്സന്‍ അല്‍താനിയാണ് പ്രത്യേക സേനയിലെ സ്റ്റാഫ് സര്‍ജന്റ് സാലിഹ് മുഹമ്മദ് അല്‍ ഒബൈദിയെ ആദരിച്ചത്.

സ്ലോവാക് റിപ്പബ്ലിക്കില്‍ നടന്ന 48-ാമത് അന്താരാഷ്ട്ര സൈനിക കായിക കൗണ്‍സില്‍ ലോക പാരച്യൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലാണ് അല്‍ ഒബൈദി വ്യക്തിഗത വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. 33 രാജ്യങ്ങളില്‍നിന്നായി 128 പാരച്യൂട്ട് താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

അന്താരാഷ്ട്ര സൈനിക കായിക വേദികളില്‍ ഖത്തര്‍ സായുധസേനാംഗങ്ങള്‍ കൈവരിക്കുന്ന മികച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. അല്‍ ഒബൈദിയുടെ വ്യക്തിഗത നേട്ടത്തെയും സായുധസേനയുടെ അഭിമാനകരമായ പ്രകടനത്തെയും ചടങ്ങില്‍ അഭിനന്ദിച്ചു.
പ്രത്യേക സേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സായിദ് അല്‍ ഒതൈബിയും ചടങ്ങില്‍ പങ്കെടുത്തു.

