
ദോഹ: കേരളത്തിന്റെ കഴിഞ്ഞകാല ഫുട്ബോള്‍ പാരമ്പര്യവും ആവേശവും ചോര്‍ന്നുപോവാതെ നിലനിര്‍ത്തുന്നത് പ്രവാസികള്‍ക്കിടയിലെ ടൂര്‍ണമെന്റുകളും ഫുട്ബോള്‍ പ്രണയവുമാണെന്ന് കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (ഖിഫ്) സംഘടിപ്പിക്കുന്ന പ്രഥമ ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫിലെ ജനസേവന- കലാ സാംസ്കാരിക മേഖലയില്‍ മാത്രമല്ല ഫുട്ബോളിലും എന്നും ഓര്‍മിക്കപ്പെടുന്ന നാമമാണ് കെ മുഹമ്മദ് ഈസയുടേത്. പ്രവാസികളില്‍ ഫുട്ബോള്‍ ആവേശം ശാസ്ത്രീയമായി നിലനിര്‍ത്തുന്നതില്‍ ഈസക്ക വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും. ഫുട്ബോള്‍ ടൂര്‍ണമെന്റ് വ്യവസ്ഥാപിതമായി നടത്തേണ്ടതെങ്ങിനെയെന്ന മാതൃക കാണിച്ചു കൊണ്ടാണ് ഈസക്ക വിടവാങ്ങുന്നത്. ഖിഫ് ഒരുക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അദ്ദേഹത്തിനുള്ള മികച്ച പ്രാര്‍ഥനയാണെന്നും മന്ത്രി പറഞ്ഞു.

ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം പ്രസിഡണ്ട് ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. ടീം അംഗങ്ങളെ മന്ത്രി പരിചയപ്പെടുകയും ബോള്‍ കിക്കോഫ് ചെയ്യുകയും ചെയ്തു.
മത്സരങ്ങളില്‍ ഫ്രണ്ട്സ് എഫ് സി, ഹിലാല്‍ എഫ് സിയെയും (1-0) ഓര്‍ബിറ്റ് എഫ് സി, മഞ്ഞപ്പട യെയും (4-2) ബൈസന്റൈന്‍ എഫ് സി, എമര്‍ജന്‍സ് എഫ്സിയെയും (2-1) ഒറിക്സ് കാസര്‍ഗോഡ്, ഖത്തര്‍ മാസ്റ്റേഴ്സ്നെയും (2-0) തോല്‍പ്പിച്ചു.
ഇന്‍ഫിനിറ്റി ഈഗിള്‍സ് ടീമുകള്‍ തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയിലും ഓര്ബിറ്റക്സി ഫ്രൈഡേ ഫിഫ മഞ്ചേരി മത്സരം 1-1 എന്ന നിലയിലും കലാശിച്ചു. മില്യനിയത്തെ 2-0ന് തോല്‍വിച്ച് മാബ്രിക്സ് എഫ് സിയും ദസ്പറാഡോസ് എഫ് സിയെ 1-0ന് തോല്‍പ്പിച്ച് നാസ് ഗാര്‍ഡ് എഫ് സിയും മഞ്ഞപ്പടയെ 1-0ന് തോല്‍പ്പിച്ച മേറ്റ്സ് ഖത്തറും പോയിന്റുകള്‍ കരസ്ഥമാക്കി.

