ഫിഫ അണ്ടര്‍-17 ലോകകപ്പ്: ഖത്തറിനെ 2-0ന് തകര്‍ത്ത് ഈജിപ്ത്

Web Desk
1 Min Read

ദോഹ: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2026-ലെ ഗ്രൂപ്പ് എ രണ്ടാം റൗണ്ട് മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ ഈജിപ്ത് 2-0ന് പരാജയപ്പെടുത്തി. ആസ്പയര്‍ സോണിലെ പിച്ച് 2 ‘ഇബ്രാഹിം ഖല്‍ഫാന്‍’ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

city exchange

ഈജിപ്തിനായി അഹമ്മദ് സഫ്വത്തും ഖാലിദ് മുഖ്താറുമാണ് ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ അഹമ്മദ് സഫ്വത്ത് ആദ്യ ഗോള്‍ നേടി. 33-ാം മിനിറ്റില്‍ ഖാലിദ് മുഖ്താര്‍ രണ്ടാം ഗോളും നേടി ഈജിപ്തിന്റെ വിജയം ഉറപ്പിച്ചു.

ആദ്യ മത്സരത്തില്‍ പനാമയെ 2-0ന് തോല്‍പ്പിച്ച് മൂന്ന് പോയിന്റ് നേടിയ ഖത്തര്‍ ഈ തോല്‍വിയോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായി. ഈജിപ്ത് ഈ വിജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണാത്മക നീക്കങ്ങളുമായി കളിച്ച ഈജിപ്ത് രണ്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടി. ബോക്‌സിനുള്ളിലേക്ക് ലഭിച്ച ക്രോസ് അഹമ്മദ് സഫ്വത്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍കീപ്പറുടെ ഇടതുവശത്തേക്കായിരുന്നു പന്ത് പാഞ്ഞത്.

- Advertisement -
Ad image

പിന്നീട് സമനില ഗോളിനായി ഖത്തര്‍ ശക്തമായ ശ്രമം നടത്തി. 24-ാം മിനിറ്റില്‍ ഒമര്‍ മുഹമ്മദിന്റെ ശക്തമായ ഷോട്ട് ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ തടുത്തതോടെ ഖത്തറിന്റെ സമനില ശ്രമം വിഫലമായി.

33-ാം മിനിറ്റില്‍ അഹമ്മദ് സഫ്വത്ത് നല്‍കിയ ക്രോസ് ഖാലിദ് മുഖ്താര്‍ വലയിലെത്തിച്ചതോടെ ഈജിപ്ത് ലീഡ് 2-0 ആക്കി ഉയര്‍ത്തി. ഇതോടെ ആദ്യ പകുതി ഈജിപ്തിന്റെ വ്യക്തമായ ആധിപത്യത്തില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഖത്തറിന്റെ സ്പാനിഷ് പരിശീലകന്‍ അല്‍വാരോ മെഹിയ ടീമില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. ഇതോടെ ഖത്തറിന്റെ കളിയില്‍ കൂടുതല്‍ ഉണര്‍വും മികവും പ്രകടമായി. പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ആക്രമണങ്ങള്‍ സംഘടിപ്പിച്ചെങ്കിലും മുന്നേറ്റങ്ങളിലെ ഫിനിഷിങ്ങിലെ പോരായ്മ കാരണം ഗോള്‍ നേടാനായില്ല.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഖത്തര്‍ ബുധനാഴ്ച ഗ്രീസിനെ നേരിടും. ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഗ്രീസ് ഇതിനകം അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!