
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപക സംഗമമായ ധനം ബി എഫ് എസ് ഐ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് നവംബര്‍ 25ന് കൊച്ചിയില്‍ നടക്കും. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന സമിറ്റ് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ ഉദ്ഘാടനം ചെയ്യും.

എഡില്‍വൈസ് മ്യൂച്വല്‍ ഫണ്ട് എം ഡി ആന്റ് സി ഇ ഒ രാധിക ഗുപ്ത, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം ഡി ആന്‍ഡ് സി ഇ ഒ മഹേഷ് മുരളീധര്‍ പൈ, ധനലക്ഷ്മി ബാങ്ക് എം ഡി ആന്‍ഡ് സി ഇ ഒ അജിത് കുമാര്‍ കെ കെ, കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയഭാസ്‌കര്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡി ആന്‍ഡ് സി ഇ ഒ ഡോ. കെ പോള്‍ തോമസ്, മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് തുടങ്ങി രാജ്യത്തെ പ്രമുഖ ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന, മ്യൂച്വല്‍ ഫണ്ട്, നിക്ഷേപ കമ്പനികളുടെ മേധാവികള്‍ ഉള്‍പ്പടെ 30ഓളം പ്രമുഖര്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന സമിറ്റില്‍ പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകളും സമിറ്റിലുണ്ടാകും.

വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ധനം ബി എഫ് എസ്ഐ എക്സലന്‍സ് അവാര്‍ഡുകള്‍ ബാങ്ക് ഓഫ് ഇന്ത്യ നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനും എല്‍ ഐ സി മുന്‍ ചെയര്‍മാനുമായ എം ആര്‍ കുമാര്‍ സമ്മാനിക്കും.
