
ദോഹ: ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന കായിക മാമാങ്കമായ അസ്മഖ് സ്‌പോര്‍ട്ട്‌സ് ഫെസ്റ്റ്26ന് പ്രൗഢോജ്ജ്വല തുടക്കം. ഫെസ്റ്റിലെ മുന്‍നിര മത്സരമായ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റോടു കൂടിയാണു കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ജാഫര്‍ തയ്യില്‍ നിര്‍വ്വഹിച്ചു. അഷ്റഫ് കല്ലുള്ളതില്‍ അധ്യക്ഷത വഹിച്ചു. ഷംസീര്‍ കെ കെ സ്വാഗതവും കുഞ്ഞമ്മദ് ആര്‍ എം നജീബ് അടിക്കൂല്‍ എന്നിവര്‍ ആശംസകളും അറിയിച്ചു.

മത്സരത്തില്‍ ചാമ്പ്യന്മാരായി ആറങ്ങോട് മഹല്ലിനു വേണ്ടി കളിച്ച യസീദ്, ഷബീബ് എന്നിവര്‍ റൈസല്‍ ആരാമം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി. കുട്ടോത്ത് മഹല്ലിനു വേണ്ടി കളിച്ച മുനീര്‍, ഷക്കീല്‍ എന്നിവര്‍ റണ്ണര്‍ അപ് ആയി. ബെസ്റ്റ് പ്ലയര്‍ ആയി യസീദിനെ തിരഞ്ഞെടുത്തു. സമ്മാന ദാനം ഷക്കീര്‍ ചീരായി നിര്‍വ്വഹിച്ചു.

സബീര്‍ സി ടി കെ, റാഷിദ് മേമുണ്ട, ഷാജിദ്, അന്‍സാര്‍, ഫസല്‍, നൗഷാദ് കെ ടി കെ, ഇസ്മായില്‍, ദര്‍വ്വേഷ്, അന്‍വര്‍ മാനാരി എന്നിവര്‍ നേതൃത്വം നല്‍കി.
