
കെയ്റോ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍താനി ഈജിപ്ത് വിദേശകാര്യ, കുടിയേറ്റ, പ്രവാസികാര്യ മന്ത്രി ഡോ. ബദര്‍ അബ്ദെലാത്തിയുമായി കെയ്റോയില്‍ കൂടിക്കാഴ്ച നടത്തി.

ഖത്തറും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുപക്ഷവും വിലയിരുത്തി. സംഘര്‍ഷം ലഘൂകരിക്കുന്നതിനും മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടത്തുന്ന നയതന്ത്ര നീക്കങ്ങളും സംയുക്ത ഏകോപനവും ചര്‍ച്ചയുടെ ഭാഗമായി.

കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും മേഖലയിലെ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുന്ന സമഗ്ര കരാറിലെത്തുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര നീക്കങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണ പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
