

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍. സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും ജില്ലയിലെ യു ഡി എഫ് ജനപ്രതിനിധികള്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളായി വിവേചനം നേരിടുന്ന മലബാര്‍ ജില്ലകള്‍ കേരളത്തിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികളടക്കം അഡ്മിഷന്‍ കിട്ടാതെ പുറത്താണ്. മലബാര്‍ ജില്ലകളില്‍ പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത അവസ്ഥയാണെങ്കില്‍ തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ബാക്കിയാണ്. ബാച്ചുകള്‍ കൂട്ടുക മാത്രമാണ് പ്രശ്നത്തിന് പരിഹാരം. വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നിരവധി മഹാന്‍മാര്‍ ഇരുന്ന വിദ്യാഭ്യാസ മന്ത്രിയുടെ കസേര വി ശിവന്‍കുട്ടിക്ക് ചേരില്ലെന്നും പദവിക്ക് യോജിക്കാതെ പ്രവൃത്തികളാണ് അദ്ദേഹം ചെയ്യുന്നതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. യു ഡി എഫ് ജില്ല കമ്മറ്റി നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ യു ഡി എഫ് ജില്ല ചെയര്‍മാന്‍ കെ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു.
നജീബ് കാന്തപുരം എം എല്‍ എ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ പി സി സി വക്താവ് കെ സി അബു, സി എം പി സംസ്ഥാന സെക്രട്ടറി ഇ നാരായണന്‍കുട്ടി, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഹെലര്‍ ടീച്ചര്‍, കേരള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സി ബീരാന്‍ കുട്ടി, ദിനേശ് പെരുമണ്ണ, ഫോര്‍വേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി അഷറഫ് കക്കാട് എന്നിവര്‍ സംസാരിച്ചു.
യു ഡി എഫ് ജില്ല ജനറല്‍ കണ്‍വീനര്‍ എം എ റസാഖ് സ്വാഗതവും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ സി ശോഭിത നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികളും സമരത്തില്‍ പങ്കെടുത്തു.

