

കൊച്ചി: കേരളമെമ്പാടും കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിനെതിരെ പോലീസ് നടത്തുന്ന അതിക്രമം ഭരണകൂടത്തിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് പ്രൊഫ. കെ അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതി മൂലം വിനാശകരമായ ഫലമാണ് ഉണ്ടാകുകയെന്ന് ഇതിനകം തന്നെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കുക എന്നുള്ളതാണ് ജനകീയ സര്‍ക്കാരിന് ഭൂഷണം. പ്രത്യേകിച്ചും ലോകം മുഴുവന്‍ ഇടതുപക്ഷത്തിന്റെ പേരിലറിയപ്പെടുന്ന ഒരു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനകീയസമരങ്ങളെ അടിച്ചമര്‍ത്താനും സ്ത്രീകളെയും കുട്ടികളെയും മൃഗീയമായി കൈകാര്യം ചെയ്യാനും പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

സുതാര്യതയും ജനാധിപത്യ സമീപനവും അഭിപ്രായങ്ങളോട് സഹിഷ്ണുതാപരമായ പ്രതികരണവും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശൈലിയാണെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ വിരുദ്ധ സമരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടത്തിയ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും കെ റെയില്‍ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയും ചേര്‍ന്ന് എറണാകുളം മേനക ജങ്ഷനില്‍ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൊഫ. ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. വിന്‍സന്റ് മാളിയേക്കല്‍, ഫാ. പ്രശാന്ത് പാലയ്ക്കപ്പിള്ളി, കെ കെ ഗോപി നായര്‍, ജോര്‍ജ്ജ് ജോസഫ്, അജ്മല്‍ കെ മുജീബ്, കെ എസ് ഹരികുമാര്‍, എ ജി അജയന്‍, ജോണി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

