

തിരുവനന്തപുരം: തന്റെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് അനുപമ ചന്ദ്രന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി. ‘അനുപമ അമ്മയാണ്. ഈ അമ്മ പ്രസവിച്ച കുഞ്ഞെവിടെ. ആര്‍ക്കാണ് വിറ്റത്. ദുരൂഹത അന്വേഷിക്കുക എന്നെഴുതിയ ബാനറുമായാണ് അനുപമയുടെ നിരാഹാര സമരത്തിന് തുടക്കമായത്.

അമ്മയെന്ന പരിഗണന തനിക്ക് കിട്ടിയില്ലെന്നും നീതി വേണമെന്നും അനുപമ പ്രതികരിച്ചു. നേരത്തെ അവഗണിച്ചവരാണ് ഇപ്പോള്‍ ഇടപെടുന്നതെന്നും കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷ നല്‍കിയത് ഇപ്പോള്‍ മാത്രമാണെന്നും അനുപമ പറഞ്ഞു. വനിതാ കമ്മീഷന് ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ അറിയിച്ചിട്ടുണ്ട്. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെനനും അവര്‍ പറഞ്ഞു.

വനിതാ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സി പി എം നേതാക്കളുടെ ഇടപെടലുണ്ടെന്നുമാണ് അനുപമ ആരോപിക്കുന്നത്.
അനുപമയ്ക്ക് നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് സി പി എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് അറിയിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട മന്ത്രി തന്നെ അവരുമായി സംസാരിച്ചിട്ടുണ്ടെന്നും കുഞ്ഞിനെ അമ്മയ്ക്ക് കിട്ടുക എന്നത് അവരുടെ അവകാശമാണെന്നും വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയ്ക്ക് അനുയോജ്യമായ തരത്തില്‍ നീതി ലഭിക്കേണ്ടതുണ്ട്. സ്വാഭാവികമായും അത് നിയമപരമായി മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളൂ. പാര്‍ട്ടിയെന്ന നിലയില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല. അതിനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയരാഘവന് പറഞ്ഞു.
അധികൃതരുടെ അനുകൂലമായ ഇടപെടലും അക്കാര്യത്തില്‍ ഉണ്ടെന്നു പറഞ്ഞ എ വിജയരാഘന് യാതൊരു തരത്തിലുള്ള തെറ്റിനേയും സി പി എം പിന്താങ്ങില്ലെന്നും ഇവിടേയും ആ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതിന് ആവശ്യമായ നിയമപരമായ സഹായങ്ങള്‍ നല്‍കുക എന്നതാണ് തീരുമാനമെന്നും അറിയിച്ചു.
പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ട വിഷയമല്ല ഇതെന്നു പറഞ്ഞ വിജയരാഘവന് പാര്‍ട്ടി കാര്യം അന്വേഷിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും നിയമപരമായി പരിഹാരം കാണേണ്ടതുണ്ടെന്നും അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അനുപമയുമായി ഫോണില്‍ ബന്ധപ്പെട്ടു. വീഴ്ചകളില്‍ നടപടിയുണ്ടാകുമെന്ന് വീണ ജോര്‍ജ് ഉറപ്പു നല്‍കിയതായി അനുപമ അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്പില് സമരം തുടങ്ങാനിരിക്കെയാണ് അനുപമയെ മന്ത്രി ഫോണില്‍ ബന്ധപ്പെട്ടത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി വീണാ ജോര്‍ജ്ജ് നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് അനുപമ കുഞ്ഞിന് ജന്മം ന്ലകിയത്. എന്നാല്‍ അവിവാഹിതയായതിനാല്‍ ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നും ഏപ്രില്‍ 19ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കിയിരുന്നുതായും അനുപമ പറയുന്നു.
പെണ്ണായി ജീവിക്കുകയെന്നത് കഠിനമായി മാറുന്ന കാലത്ത് അനുപമ എന്ന അമ്മയ്ക്കൊപ്പവും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപദ്രവിച്ച എ ഐ എസ് എഫിലെ നിമിഷയ്ക്കൊപ്പവുമാണ് താനെന്ന് എം എസ് എഫ് മുന്‍ നേതാവ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘പെണ്ണായി ജീവിക്കുക’ എന്നത് കഠിനമായി മാറുന്നകാലത്ത്
വര്‍ത്തമാന- സാമൂഹിക സങ്കല്പ്പത്തിനനുസരിച്ചുള്ളവളായി നിലകൊള്ളാന്‍ എത്ര എളുപ്പമാണ്. ആ ംനോരാജ്യത്തിനനുസരിച്ചല്ലാത്ത, ആ സങ്കല്പ്പനത്തിന്നു വിഭിന്നമായ ബുദ്ധിശക്തിയും ധൈര്യവും ചടുലതയും വ്യക്തതയും സുതാര്യതയും പ്രതികരണക്ഷമതയും ആര്‍ജവത്വവും നിറഞ്ഞവരെ ചുറ്റും ചുറ്റും കാണുന്നു.
നിലപാടുള്ളവരാണവര്‍. വിധേയത്വവും ആധിപത്യവുമില്ലാത്ത സൗഹാര്ദ്ദതനിറഞ്ഞ മനുഷ്യരെ തേടുന്നവരാണവര്‍.
ജീവിതത്തിലെടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണവര്‍! കഠിനക്കാലത്തെ അതിജീവനപാഠങ്ങള്‍, അവരെ തെളിച്ചമുള്ള രാഷ്ട്രീയക്കാരാക്കും. അവരാണ് നിലനില്‍പ്പിനായി പൊരുതുന്നവര്‍.
അനുപമ എന്ന അമ്മക്കൊപ്പമാണ്. എ ഐ എസ് എഫിലെ നിമിഷക്കൊപ്പം.
നിലപാടുകള്‍ പണയപ്പെടുത്താത്ത സ്ത്രീകള്‍ക്കൊപ്പം!

