

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പൊലീസ് നടത്തിയ അന്വേഷണം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെയായിരുവെന്ന് ബി ബി സി. യഥാര്‍ഥ പ്രതികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബി ബി സി നാല് ആള്‍ക്കൂട്ട ആക്രമണങ്ങളിലാണ് അന്വേഷണം നടത്തിയത്. അതില്‍ മൂന്ന് പ്രധാന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു കേസില്‍ പോലും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തിയെന്ന് കുടുംബങ്ങള്‍് അഭിപ്രായപ്പെടുന്നില്ല. എഫ് ഐ ആറില്‍ പ്രതിചേര്‍ത്തവര്‍ക്കെതിരെ ഒരു കേസിലും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ഒരു കേസില്‍ ഇരയുടെ കുടുംബം ഗ്രാമത്തില്‍ നിന്ന് മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരാകട്ടെ ജാമ്യം കിട്ടി പുറത്തിറങ്ങഇയെന്ന് മാത്രമല്ല പല കേസിലും ഇരകളുടെ കുടുംബങ്ങള്‍ക്ക് സമ്മര്‍ദ്ദത്തിന് വഴങ്ങി ഒത്തുതീര്‍പ്പിന് നില്‍ക്കേണ്ടിയും വന്നിട്ടുണ്ട്.
സോന്‍ഭദ്ര, ബുലന്ദ്ഷഹര്‍, മുറാദാബാദ്, മഥുര എന്നിവിടങ്ങളിലെ നാല് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ബി ബി സിയിലെ കീര്‍ത്തി ദുബെയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019ലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
ഇന്ത്യയില്‍ മൊത്തത്തില്‍ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും 2016ലും 2021ലും നടന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ബി ബി സി അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. 2016 ജനുവരി മുതല്‍ ആഗസ്ത് വരെ 11 ഗുരുതരമായ കുറ്റകൃത്യങ്ങളും 2021 ജനുവരി മുതല്‍ ആഗസ്ത് വരെ 24 ഗുരുതരമായ കുറ്റകൃത്യങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

