Connect with us

Featured

നാളെ കുതിരപ്പുറത്തേറുമ്പോള്‍ എന്‍ഡ്യുറന്‍സ് ലോക സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ നിദ ആദ്യ ഇന്ത്യന്‍ വനിതയാകും

Published

on


ദുബൈ: ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ സെപ്തംബര്‍ ഏഴാം തിയ്യതി ശനിയാഴ്ച നടക്കുന്ന എഫ് ഇ ഐ എന്‍ഡ്യുറന്‍സ് ലോക സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മലപ്പുറത്തു നിന്നും നിദ എത്തുന്നു. ദുബൈയിലെ റിജന്‍സി മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ അമീന്‍ ചേലാട്ടിന്റേയും മിന്നത്ത് അന്‍വര്‍ അമീന്റേയും മകള്‍ നിദ അന്‍ജും ചേലാട്ട് മലപ്പുറം കല്‍പകഞ്ചേരി സ്വദേശിനിയാണ്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിദ. ഇന്റര്‍നാഷണല്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്.

നേരത്തെ 120 കിലോമീറ്റര്‍ എന്‍ഡ്യുറന്‍സ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയാണ് സീനിയര്‍ വിഭാഗത്തില്‍ 160 കിലോമീറ്ററില്‍ നിദ മത്സരിക്കാനെത്തുന്നത്. സെപ്തംബര്‍ ഏഴിനാണ് മത്സരം.

ഏഴ് മണിക്കൂറും 29 മിനുട്ടുമെടുത്താണ്് നിദ 120 കിലോമീറ്റര്‍ എന്‍ഡ്യൂറന്‍സ് പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് നിദ. നാല് റൗണ്ടിലായി നടന്ന മത്സരത്തിലെ ഓരോ റൗണ്ടിലും 40 മിനുട്ട് ലൂപ്പില്‍ കുതിരയുടെ ആരോഗ്യം ഉള്‍പ്പെടെ പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ മാത്രമേ തുടരാനാവുകയുള്ളു. മത്സരം പൂര്‍ത്തിയാക്കുകയെന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി.

സ്വപ്നം കാണുകയും അത് യാഥാര്‍ഥ്യമാക്കാന്‍ കഠിന പ്രയത്നം നടത്തുകയുമാണ് വിജയത്തിലേക്കുള്ള വഴിയെന്നാണ് നിദ അന്‍ജും ചേലാട് പറയുന്നത്. താന്‍ എളുപ്പത്തില്‍ നേടിയെടുത്തതല്ല ഈ നേട്ടങ്ങളെന്നും അവര്‍ വിശദമാക്കി.

സ്പെയിനില്‍ നിന്നുള്ള പെണ്‍കുതിരയും ഫ്രഞ്ച് ആണ്‍ കുതിരയുമാണ് നിദയ്ക്കുള്ളത്. രണ്ട് കുതിരകളിലും തനിക്ക് പ്രതീക്ഷയുണ്ടെന്ന് നിദ പറയുന്നു. മത്സരത്തിന് 24 മണിക്കൂര്‍ മുമ്പ് ഏത് കുതിരയാണ് പങ്കെടുക്കുന്നതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും പേര് പ്രഖ്യാപിച്ച കുതിരയ്ക്ക് അവസാന നിമിഷം എന്തെങ്കിലും പ്രശ്നങ്ങള്‍ പറ്റിയാല്‍ മാറി നില്‍ക്കുകയെന്നതാണ് മത്സരത്തിന്റെ നിയമാവലിയെന്നും നിദ പറയുന്നു. മത്സരത്തിന്റെ ഓരോ ഘട്ടങ്ങളിലും കുതിരയുടെ ആരോഗ്യ നില പരിശോധിച്ചതിന് ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ അനുവാദം ലഭിക്കുകയുള്ളു.

ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരി ഏറ്റുമുട്ടുന്നത് വര്‍ഷങ്ങള്‍ മത്സര രംഗത്ത് പരിചയമുള്ള റൈഡര്‍മാരുമായാണ്.


error: Content is protected !!