പിരിച്ചുവിട്ട നടപടിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ. കഫീല്‍ ഖാന്‍

Web Desk
2 Min Read

ലഖ്നൗ: തന്നെ പിരിച്ചുവിട്ട ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ. കഫീല്‍ ഖാന്‍. ഗൊരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഡോ. കഫീല്‍ ഖാനെ യു പി സര്‍ക്കാര്‍ പിരിച്ചുവിട്ടത്. 2017 ആഗസ്തില്‍ ബി ആര്‍ ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിലായിരുന്നു പിരിച്ചുവിടല്‍.

city exchange

കഫീല്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് ഡോക്ടര്‍മാരെയും ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും കഫീല്‍ ഖാനൊഴികെ ഏഴുപേരേയും തിരിച്ചെടുത്തിരുന്നു. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നതായി കോടതി ഉള്‍പ്പെടെ നിരീക്ഷിച്ചിട്ടും തനിക്കെതിരെ നാലു കുറ്റങ്ങളുണ്ടെന്നാണ് യു പി സര്‍ക്കാര്‍ വാദിക്കുന്നതെന്നും ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു.

പ്രൈവറ്റായി പ്രാക്ടീസ് ചെയ്തു, യു പി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തില്ല, ബി ആര്‍ ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതില്‍ അശ്രദ്ധ ഉണ്ടായി, ആശുപത്രിയിലെ 100 വാര്‍ഡുകളുടെ ചുമതല കഫീല്‍ ഖാനുണ്ടായിരുന്നു എന്നിവയാണ് ഡോക്ടര്‍ക്കെതിരായ ആരോപണങ്ങളായി യു പി മെഡിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ രേഖകളിലുള്ളത്. താനൊരു മുസ്‌ലിമായതുകൊണ്ടു മാത്രമാണ് അവര്‍ തന്നെ ഉന്നം വെയ്ക്കുന്നതെന്ന് വിചാരിക്കുന്നില്ലെന്നും 168ലധികം ഡോക്ടര്‍മാരും അഞ്ഞൂറോളം ജീവനക്കാരുമുള്ളിടത്ത് തന്നെ മാത്രമാണ് അവര്‍ ബലിയാടാക്കിയതെന്നും പറയുന്ന ഡോ. കഫീല്‍ ഖാന്‍ എന്തുകുറ്റത്തിനാണ് പിരിച്ചുവിട്ടതെന്ന് അറിയില്ലെന്നും അത്ഭുതമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓക്്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ മാതാപിതാക്കളോട് യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും തന്നെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതായും താന്‍ തന്റെ ജോലി മാത്രമാണ് നോക്കിയതെന്നും പറഞ്ഞ ഡോ. കഫീല്‍ ഖാന്‍ കുട്ടികള്‍ മരിക്കുമ്പോള്‍ നിശബ്ദനായിരുന്നാല്‍ ഒരു നല്ല ഡോക്ടറെന്നും പൗരനെന്നും തന്നെ വിളിക്കാനാവുമോ എന്ന ചോദ്യവും ഉന്നയിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ 2017ലാണ് ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചത്. അന്ന് സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. കഫീല്‍ ഖാനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പ്രസ്തുത നടപടി കോടതി സ്റ്റേ ചെയ്യുകയായിരുന്നു. പൗരത്വ വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!