Connect with us

Featured

ഒളിംപിക് മെഡലിനൊപ്പം അവരുടെ കയ്യിലുള്ള ആ പെട്ടിയിലെന്താവാം?

Published

on


ദോഹ: പാരീസ് 2024 ഒളിമ്പിക് ഗെയിംസ് സമാപിച്ചപ്പോള്‍ 17 ദിവസത്തെ കടുത്ത മത്സരത്തിനു ശേഷം അത്ലറ്റുകള്‍ പോഡിയത്തില്‍ പിടിച്ച ചതുരാകൃതിയിലുള്ള ബോക്‌സിനുള്ളില്‍ എന്താണെന്നതിനെക്കുറിച്ച് ജിജ്ഞാസയാണ് ബാക്കി.

അവാര്‍ഡ് ജേതാക്കള്‍ വേദിയില്‍ നില്‍ക്കുമ്പോള്‍, കഴുത്തില്‍ മെഡലുകള്‍ തിളങ്ങുന്നുണ്ടാകും. അപ്പോള്‍ അവര്‍ക്കൊരു നേരിയ പെട്ടി കൈമാറും. എന്തായിരിക്കും ഈ പെട്ടിയിലുണ്ടാവുക.

മെഡലുകള്‍ സൂക്ഷിക്കാനുള്ളതാണ് പെട്ടിയെന്നാണ് പലരും കരുതിയത്. പക്ഷേ, കാര്യം അങ്ങനെയല്ല. ഒളിമ്പിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് മെഡലിനൊപ്പം അത്ലറ്റുകള്‍ക്ക് നല്‍കുന്നത് ഔദ്യോഗിക പാരീസ് ഗെയിംസ് പോസ്റ്ററാണ്. അത് 40-സെന്റീമീറ്റര്‍ ബോക്സിലായി സൂക്ഷിക്കാം.

കഴിഞ്ഞ ഒളിമ്പിക്‌സില്‍ ആതിഥേയര്‍ അത്‌ലറ്റുകള്‍ക്ക് സ്റ്റഫ് ചെയ്ത വസ്തുക്കളോ പൂച്ചെണ്ട് പോലുള്ള ഇനങ്ങളോ ആയിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ പാരീസ് കൂടുതല്‍ കലാപരമായ സമീപനമാണ് സ്വീകരിച്ചത്.

കനോയ്, കയാക് റേസുകളില്‍ രണ്ട് സ്വര്‍ണം നേടിയ ഓസ്ട്രേലിയന്‍ തുഴച്ചില്‍ താരം ജെസീക്ക ഫോക്സ് ടിക്ടോക്കില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. ”സാധാരണയായി, ഞങ്ങള്‍ക്ക് ഒരു ചിഹ്നമോ പൂക്കളോ ലഭിക്കും. എന്നാല്‍ ഇത്തവണ ഇത് കൂടുതല്‍ സവിശേഷമായ ഒന്നാണ്. ഇത് ശരിക്കും രസകരമായ ഒരു ആശയമാണെന്ന് ഞാന്‍ കരുതുന്നു,”

അത്ലറ്റിന്റെ മെഡലിന്റെ നിറവുമായി പൊരുത്തപ്പെടുന്ന വിശദാംശങ്ങളുള്ള പോസ്റ്ററാണതെന്ന് ഫോക്‌സ് വെളിപ്പെടുത്തി.

ആര്‍ട്ട് ഡെക്കോ-സ്‌റ്റൈല്‍ പോസ്റ്റര്‍ സൃഷ്ടിച്ചത് പ്രശസ്ത ചിത്രകാരന്‍ യുഗോ ഗട്ടോണിയാണ്. അദ്ദേഹം അതിനായി ആറ് മാസമാണ് ചെലവഴിച്ചത്. ഏത് നിറങ്ങള്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കുകയും രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനുമായി 2,000 മണിക്കൂറിലധികം പോസ്റ്ററില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

ഈ പോസ്റ്ററുകളുടെ വലിയ പതിപ്പുകള്‍ പാരീസിലുടനീളമുള്ള ബില്‍ബോര്‍ഡുകളിലും കാണാനാകും. ഇത് ഗെയിംസിന്റെ തനതായ കലാപരമായ കഴിവ് വര്‍ധിപ്പിക്കുന്നു. അതേ പോസ്റ്റര്‍ നിങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ നിന്നും വാങ്ങാനുമാവും.


error: Content is protected !!