
ദോഹ: ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘ദര്‍ബ്’ മൊബൈല്‍ ആപ്പ് കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പോസ്റ്റില്‍ ആപ്പിന്റെ വിവിധ സവിശേഷതകള്‍ മന്ത്രാലയം വിശദീകരിച്ചു.

‘ദര്‍ബ്’ ആപ്പ് കടല്‍ ഗതാഗതവും കര ഗതാഗതവും ഉള്‍പ്പെടെ വിവിധ മേഖലകളിലായി മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. മന്ത്രാലയത്തിന്റെ പുതിയ വാര്‍ത്തകള്‍, അറിയിപ്പുകള്‍, പരിപാടികള്‍ എന്നിവ ലഭ്യമാകുന്നതിനോടൊപ്പം നയങ്ങള്‍, ചട്ടങ്ങള്‍, നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ തുടങ്ങിയ വിവരങ്ങളും ലഭിക്കും.

നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം (നാസ്) അക്കൗണ്ടുകള്‍ വഴി സുരക്ഷിതമായി ലോഗിന്‍ ചെയ്യാനുള്ള സൗകര്യവും സേവനങ്ങള്‍ വിഭാഗങ്ങളായി ബ്രൗസ് ചെയ്യാനും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനോ അവയുടെ നില പിന്തുടരാനോ കഴിയുന്ന സംവിധാനവുമാണ് ആപ്പിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.
കടല്‍ ഗതാഗത ഉപയോക്താക്കള്‍ക്കായി ചെറിയ കപ്പലുകളുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍, നടത്തിപ്പ് നടപടികള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും പ്ലാറ്റ്ഫോം നല്‍കുന്നു. കര ഗതാഗത മേഖലയില്‍ റോഡുകളും ഗതാഗത സംവിധാനങ്ങളും സംബന്ധിച്ച് മന്ത്രാലയം മേല്‍നോട്ടം വഹിക്കുന്ന വിവിധ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം, മന്ത്രാലയ പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര ഇടപെടലുകള്‍, പുതിയ ഗതാഗത സാങ്കേതികവിദ്യകളുടെ പരീക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഗതാഗത മേഖലയിലെ മറ്റ് പുരോഗതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേക വാര്‍ത്താ വിഭാഗവും ‘ദര്‍ബ്’ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

