
ദോഹ: ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് വിപണി വില്‍പ്പന ഇടപാടുകളുടെ വര്‍ധനയും മേഖലയിലെ ശക്തമായ പ്രകടനത്തേയും തുടര്‍ന്ന് ശ്രദ്ധേയമായ വളര്‍ച്ചയില്‍.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (അഖാറാത്ത്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ നടന്ന വില്‍പ്പന ഇടപാടുകളുടെ എണ്ണം 2024ലെ അതേ കാലയളവിനെക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുകയുണ്ടായി. ഏകദേശം 1,246 ഇടപാടുകളുടെ (ഏകദേശം 37 ശതമാനം) വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിപണിയിലെ ആവശ്യകത തുടര്‍ച്ചയായി ശക്തമാണെന്നതിന്റെ തെളിവാണ്.

വര്‍ഷാന്തര അടിസ്ഥാനത്തില്‍ മിക്ക മാസങ്ങളിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നത്, ഈ പുരോഗതി ചില പ്രത്യേക മാസങ്ങളിലേക്കു മാത്രം പരിമിതമല്ലെന്നും സമഗ്രമായ വളര്‍ച്ചയാണെന്നും സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തിന്റെ മധ്യകാലഘട്ടത്തില്‍ റിയല്‍ എസ്റ്റേറ്റ് വിപണി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചുവെന്നും ഇതിലൂടെ മൊത്തത്തിലുള്ള ഇടപാടില്‍ സ്ഥിരതയുള്ള ഉയര്‍ച്ച ഉറപ്പായെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 551 റിയല്‍ എസ്റ്റേറ്റ് വില്‍പ്പന ഇടപാടുകളാണ് രേഖപ്പെടുത്തിയത്. 2024 ജനുവരിയില്‍ ഇത് 442 ആയിരുന്നു. ഫെബ്രുവരിയില്‍ 521 ഇടപാടുകള്‍ നടന്നു, മുന്‍വര്‍ഷം ഇതേ മാസത്തില്‍ 383 ആയിരുന്നു. മാര്‍ച്ചില്‍ 338, ഏപ്രിലില്‍ 464, മെയ് മാസത്തില്‍ 698, ജൂണില്‍ 488, ജൂലൈയില്‍ 527, ഓഗസ്റ്റില്‍ 465, സെപ്റ്റംബറില്‍ 581 ഇടപാടുകളാണ് നടന്നത്.
മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് വില്‍പ്പന ഇടപാടുകള്‍ നടന്നത്- 698 എണ്ണം. ഏറ്റവും കുറവ് ഇടപാടുകള്‍ മാര്‍ച്ചിലായിരുന്നു- 338 എണ്ണം.
‘അഖാറാത്തിന്റെ ഭാവി’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സംഘടിപ്പിച്ച രണ്ടാം ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് ഫോറം സുതാര്യത വര്‍ധിപ്പിക്കുക, നടപടിക്രമങ്ങള്‍ ഡിജിറ്റൈസ് ചെയ്യുക, ആഗോള മികച്ച രീതികളുമായി ഒത്തുചേരുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ചു. ഇതിലൂടെ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കാനും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ലളിതമാക്കാനും ഉദ്ദേശിച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും ആശയവിനിമയം നടത്താനും പൊതുമേഖലസ്വകാര്യ മേഖലയിലെ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്താനും പ്രമുഖ അന്താരാഷ്ട്ര കമ്പനികളുമായി സഹകരണം സാധ്യമാക്കാനും ഈ ഫോറം പ്രത്യേക വേദിയായി പ്രവര്‍ത്തിച്ചു.
കഴിഞ്ഞ വര്‍ഷം റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ‘ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് അവാര്‍ഡ് 2025’ എന്ന ദേശീയ പുരസ്‌കാരത്തിന്റെ ആദ്യ പതിപ്പ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. അസാധാരണ നേട്ടങ്ങളെ അംഗീകരിക്കാനും ദീര്‍ഘകാല പദ്ധതികളെ ആദരിക്കാനും ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നവോഥാനത്തിന് പ്രോത്സാഹനം നല്‍കാനുമാണ് ഈ അഭിമാനകരമായ പുരസ്‌കാരം ലക്ഷ്യമിടുന്നത്.
അഥോറിറ്റിയുടെ തന്ത്രത്തിന്റെ പ്രധാന ഘടകമായ ഈ അവാര്‍ഡ് ആരോഗ്യകരമായ മത്സരം വളര്‍ത്താനും സുസ്ഥിര വളര്‍ച്ചയ്ക്ക് വഴിയൊരുക്കാനും ഖത്തര്‍ ദേശീയ വീക്ഷണം 2030ന്റെ ലക്ഷ്യങ്ങളോട് ഒത്തുചേരുന്ന തരത്തില്‍ വ്യവസായ നിലവാരങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിടുന്നു.
സമീപകാലത്ത്, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രതിനിധി സംഘം ഷാങ്ഹായില്‍ നടന്ന എല്‍ പി എസ് ഷാങ്ഹായി 2025ല്‍ ഖത്തര്‍ പവലിയനില്‍ പങ്കെടുത്തു. അതോറിറ്റിയുടെ പുതിയ ഡിജിറ്റല്‍ ഇക്കോസിസ്റ്റവും എഐ അടിസ്ഥാനമാക്കിയ സേവനങ്ങളും അവതരിപ്പിച്ചുകൊണ്ട്, വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും ഇവയ്ക്കുള്ള പങ്ക് അവിടെ പ്രദര്‍ശിപ്പിച്ചു.
ഈ പങ്കാളിത്തം, വിശ്വസനീയമായ നിക്ഷേപ അന്തരീക്ഷം വികസിപ്പിക്കാനും ഏകീകൃത ഡിജിറ്റല്‍ സേവനങ്ങളിലൂടെ നിക്ഷേപകരെ ശക്തിപ്പെടുത്താനും ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ശക്തി പ്രതിഫലിപ്പിക്കാനുമുള്ള ‘അഖാറാത്തിന്റെ’ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.

