
കോഴിക്കോട്: പൊതുസ്ഥലത്ത് വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. ഭര്‍തൃപീഡനത്തിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കോഴിക്കോട് അശോകപുരത്ത് മീന്‍വില്‍പ്പന നടത്തുകയായിരുന്ന ശ്യാമിലിക്ക് നേരെയാണ് ഭര്‍ത്താവ് നിധീഷ് അതിക്രമം നടത്തിയത്. ശ്യാമിലിയെ നിലത്തിട്ട് ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അക്രമണം. പണം ആവശ്യപ്പെട്ട് എത്തിയപ്പോള്‍ നല്‍കാത്തതിനാണ് മര്‍ദ്ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു.
ശ്യാമിലിയെ ഭര്‍ത്താവ് നിധീഷ് അക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് നടക്കാവ് പോലീസെത്തി മൊഴി രേഖപ്പെടുത്തിയതെന്ന് ശ്യാമിലി പറഞ്ഞു.
ഒരുപാട് തവണ തനിക്കെതിരെ അതിക്രമമുണ്ടായി. 13 പരാതി നല്കി. ഏതെങ്കിലുമൊരു പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഇന്ന് തന്നെ റോഡിലിട്ട് നായയെ അടിക്കുന്നതു പോലെ അടിക്കില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
12 വര്‍ഷമായി നിരന്തരം പീഡനം ഏല്‍ക്കുന്നുവെന്ന് ശ്യാമിലി പറയുന്നു. ഒരു തവണ കോടതിയെ സമീപിച്ചു.
താന്‍ സ്വന്തമായി വരുമാനം കണ്ടെത്താനായി മീന്‍ വില്‍പ്പന ആരംഭിച്ചതാണെന്ന് അവര്‍ പറഞ്ഞു. നേരത്തെ സ്വകാര്യ ആശുപത്രിയിലും മഹിളാ മാളിലും സെക്യൂറ്റി ജീവനക്കാരിയായിരുന്നു ശ്യാമിലി. ഭര്‍ത്താവിന്റെ സഹോദരനും ഭാര്യക്കുമൊപ്പമാണ് ഇപ്പോള്‍ മീന്‍ വില്‍പ്പന. പുലര്‍ച്ചെ നാലുമണിക്ക് പുതിയാപ്പ ഹാര്‍ബറില്‍ പോയി മീനെടുക്കും. രാത്രി എട്ടര വരെ കച്ചവടം ചെയ്യും.വീട്ടുജോലിക്കും പോയിട്ടുണ്ട്. ഇങ്ങനെ കഷ്ടപ്പട്ടാണ് ഞാനെന്റെ മക്കളെ പോറ്റുന്നത്. അവസാനത്തെ കച്ചിത്തുരുമ്പാണ് മീന്‍ കച്ചവടം. ഇതില്‍ പിടിച്ച് നില്ക്കാനായില്ലെങ്കില് ഞാന്‍ തോറ്റുപോകുമെന്ന് അവര്‍ പറഞ്ഞു.

