ഭീകരാക്രമണത്തില്‍ പോലും വര്‍ഗ്ഗീയത ഉത്പാദിപ്പിക്കാനാണ് ബി ജെ പി- ആര്‍ എസ് എസ് ശ്രമം: തുഷാര്‍ ഗാന്ധി

Web Desk
3 Min Read

കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ പോലും വര്‍ഗീയത ഉല്പാദിപ്പിച്ച് മുതലെടുപ്പ് നടത്തുവാന്‍ ശ്രമിച്ച വര്‍ഗീയവിഷങ്ങളാണ് ബി ജെ പിയും ആര്‍ എസ് എസുമെന്ന് ഗാന്ധിജിയുടെ പൗത്രനും സാമൂഹിക പ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി. ഡി സി സി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ മഹാത്മാഗാന്ധി പൊളിറ്റിക്കല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുഷാര്‍ ഗാന്ധി.

city exchange

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയോ അവരെ സമാധാനിപ്പിക്കുകയോ ചെയ്യുന്നതിന് മുന്‍പ് അതിന്റെ പേരില്‍ ഹിന്ദു- മുസ്ലിം ഭിന്നിപ്പുണ്ടാക്കുവാനുള്ള ശ്രമമാണ് ഇവര്‍ തുടങ്ങിയത്. ഇതുകൊണ്ടാണ് ഇവരെ ഞാന്‍ മുന്‍പ് കേരളത്തില്‍ വന്നപ്പോള്‍, വിഷമെന്ന് വിശേഷിപ്പിച്ചത്.

ഭീകരത പോലും തങ്ങള്‍ക്ക് വളരുവാനുള്ളതാക്കുന്നവരെ ഇപ്പോള്‍ ഞാന്‍ വീണ്ടും അതേപോലെ വര്‍ഗീയ വിഷങ്ങളെന്ന് വിശേഷിപ്പിക്കുകയാണ്. സമൂഹത്തിനെ പിടികൂടിയ കാന്‍സര്‍ ആണിവര്‍. ബ്രാഹ്മണ്യത്തില്‍ നിന്നുതിര്‍ന്ന ഈ വിഷകൂടം ഉയര്‍ന്നുവന്നിട്ട് നൂറുവര്‍ഷമാകുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലുടനീളം ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളത്. അണിയറക്കുള്ളില്‍ നിന്നാണിവര്‍ പലതും നടപ്പിലാക്കുന്നത്.

സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ എല്ലാ വര്‍ഗീയ കലാപങ്ങളുടെയും മുന്‍നിരയില്‍ ആര്‍ എസ് എസുകാരുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ മുന്‍നിരയിലുള്ള മോഡിയാണ് ഇപ്പോള്‍ ഇവരുടെ നേതാവ്.

- Advertisement -
Ad image

ഇപ്പോള്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുന്ന ഇവര്‍ സുഭാഷ്ചന്ദ്ര ബോസ് സ്വാതന്ത്ര്യ സമര പ്രക്ഷോഭ പ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലേക്ക് ആളുകളെ ചേര്‍ക്കുമ്പോള്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് പട്ടാളത്തിലേക്ക് ആളുകളെ ചേര്‍ക്കുകയായിരുന്നു. ഇത് ഞാന്‍ പറയുകയല്ല, ചരിത്രമാണിത്.

സ്വാതന്ത്ര്യ സമരവും ചരിത്രവുമായി ഒരു ബന്ധവുമില്ലാത്തവരാണിവര്‍. എന്നും ചരിത്രത്തെ വളച്ചൊടിക്കുവാന്‍ ശ്രമിച്ചവരാണിവര്‍. നമ്മള്‍ യഥാര്‍ഥ ചരിത്രത്തെക്കുറിച്ച് അജ്ഞരാണ്. പഠിക്കുന്നുമില്ല. അതാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയടക്കം യഥാര്‍ഥ ചരിത്രം ജനങ്ങള്‍ അറിയുന്നതിനെ ഇവര്‍ ഭയക്കുകയാണ്. അതുകൊണ്ടാണ് ബാപ്പുവിന്റെ സബര്‍മതി ആശ്രമത്തെ ഒരമ്യൂസ്‌മെന്റ് പാര്‍ക്കാക്കുവാന്‍ മോഡ ശ്രമിക്കുന്നത്. വരും തലമുറ സബര്‍മതിയിലൂടെ യഥാര്‍ഥ സ്വാതന്ത്യ സമരചരിത്രം അറിയുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണുള്ളത്. ഇപ്പോഴുള്ള ബാപ്പുവിന്റെ സബര്‍മതിയെ അതേപോലെ നിലനിര്‍ത്തി കിട്ടുവാനാണ് ഞാന്‍ ശ്രമിക്കുന്നത്.

പട്ടേലിനോടുള്ള സ്‌നേഹം കൊണ്ടല്ല, വലിയ പ്രതിമ ഉണ്ടാക്കിയത്. മറിച്ച് ഇത്ര വലിയ പ്രതിമ ഉണ്ടാക്കിയ റിക്കോര്‍ഡിലൂടെ താന്‍ അറിയപ്പെടണമെന്ന മോഡിയുടെ ആഗ്രഹ പൂര്‍ത്തീകരണമാണ് അതിലൂടെ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സിന്റെ നേതൃത്വത്തില്‍ മാസത്തില്‍ ഒരു തവണ ചരിത്രക്യാമ്പു നടത്തുമെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ചരിത്രത്തെ എന്നും വളച്ചൊടിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ടെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇപ്പോഴും 2014ല്‍ മോഡി അധികാരത്തില്‍ വന്നപ്പോഴാണെന്ന് വിശ്വസിക്കുന്ന ജനങ്ങളാണവരെന്ന് ഇതോടനുബന്ധിച്ച് നടത്തിയ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേഷ് ചെന്നിത്തല പറഞ്ഞു. ഇതുകൊണ്ടാണവര്‍ ഗാന്ധി യെയും നെഹ്‌റുവിനെയും തമസ്‌ക്കരിക്കുന്നത്.

എന്നാല്‍ ഗാന്ധിജി എന്നത് ഇന്ത്യയില്‍ ഭൂതകാലത്തിന്റെ ഓര്‍മയല്ല. മറിച്ച് ഇന്നിന്റെയും നാളെയുടെയും പ്രതീക്ഷയാണ്. ആര് ശ്രമിച്ചാലും ഇതിനെ ഇല്ലാതാക്കുവാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ പണ്ടു മുതലേ വ്യത്യസ്ത അഭിപ്രായക്കാരുണ്ട്. അങ്ങനെ ഗാന്ധിജിയോട് അഭിപ്രായ വ്യാത്യാസമുള്ള ആളായിരുന്ന ചേറ്റൂര്‍ ശങ്കരനാരായണന്‍. എന്നാല്‍ അതിനെ ഉപയോഗപ്പെടുത്തുവാനാണ് മോഡി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തെ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു പയോഗിക്കുന്നവരുടെ കൈയ്യില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോവ്യക്തികള്‍ക്കുമുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. അബ്ദുസ്സമദ് സമദാനി എം പി പറഞ്ഞു.

പണ്ട് ബ്രിട്ടീഷുകാര്‍ തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനായി ചരിത്രത്തെ പ്രതിനായകനായി ഉപയോഗിച്ചതിനെക്കാള്‍ ഹീനമായാണ് സംഘ്പരിവാര്‍ ഇന്ത്യാ ചരിത്രത്തെ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നതെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.

കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ ജയന്ത്, അഡ്വ. പി എം നിയാസ് എന്നിവരും സംസാരിച്ചു. ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദ് സ്വാഗതവും എന്‍ വി ബാബുരാജ് നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!