വിമാന ടിക്കറ്റ് വര്‍ധന; സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍

Web Desk
2 Min Read

കൊച്ചി: അന്താരാഷ്ട്ര- ആഭ്യന്തര വിമാന യാത്രകള്‍ക്ക് അടിക്കടി ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് പ്രവാസി ജോലിക്കാരേയും ആഭ്യന്തര വിനോദ സഞ്ചാരികളേയും വിപരീതമായി ബാധിക്കുകയാണെന്ന് ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് സമയം ലാഭിക്കാനും കൃത്യസമയത്ത് എത്തിച്ചേരാനും അടുത്തകാലത്തായി ആളുകള്‍ കൂടുതലായി വിമാന യാത്ര തെരഞ്ഞെടുക്കുന്ന പശ്ചാതലത്തില്‍ ആഭ്യന്തര ടൂറിസം ഉള്‍പ്പെടെയുള്ളവയെ നിരക്ക് വര്‍ധന വലിയ തോതിലാണ് ബാധിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

city exchange

നേരത്തെ ട്രെയിനുകളെ കൂടുതായി ആശ്രയിച്ചവര്‍ പോലും വിമാന യാത്ര തെരഞ്ഞെടുത്തിരുന്നെങ്കിലും കോവിഡാനന്തരം ട്രെയിനുകളുടെ എണ്ണത്തിലുണ്ടായ കുറവിനോടൊപ്പം വിമാന നിരക്കിലുണ്ടായ വര്‍ധനവും കടുത്ത പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്നത്. ട്രെയിനില്‍ ടിക്കറ്റ് കിട്ടാതിരിക്കുന്നത് പതിവ് സംഭവമാണ്. അതുകൊണ്ടുതന്നെ വിമാന യാത്ര തെരഞ്ഞെടുക്കാനും ആളുകള്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്.

ആഭ്യന്തര വിനോസ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ‘ദേഖോ ഇന്ത്യ’ നയത്തിന് എതിരാകുന്ന തരത്തിലാണ് നിലവില്‍ ടിക്കറ്റ് നിരക്കിലുണ്ടാകുന്ന വര്‍ധനവ്. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ് വിമാന യാത്രക്ക് നിലവില്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇത് ആളുകളെ യാത്ര ചെയ്യുന്നതില്‍ നിന്ന് തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

- Advertisement -
Ad image

കേരളത്തിലെ ടൂറിസം വ്യവസായം ആഭ്യന്തര വിനോദ സഞ്ചാരത്തിലൂടെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന നിരക്കുകള്‍ വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. നേരത്തെ 2500 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന കൊച്ചി- തിരുവനന്തപുരം യാത്രയ്ക്ക് ഇപ്പോള്‍ 5500 രൂപയാണ് നല്‍കേണ്ടി വരുന്നത്. ഇത്തരത്തില്‍ കൊച്ചിയില്‍ നിന്നും 3500 രൂപ വരെ പരമാവധി ടിക്കറ്റ് നിരക്കുണ്ടായിരുന്ന ബംഗളൂരു, മുംബൈ, ഹൈദരബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 7500 രൂപ വരെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്.

കോവിഡ് തരംഗത്തിന് ശേഷം യാത്ര ചെയ്യാന്‍ തയ്യാറെടുത്ത അന്താരാഷ്ട്ര കുടിയേറ്റ തൊഴിലാളികളേയും യാത്രാ നിരക്ക് വര്‍ധന വലിയ തോതില്‍ ബാധിക്കുകയാണ്. വിദേശ യാത്ര ചെയ്യാനൊരുങ്ങുന്നവര്‍ക്ക് യാത്രാ നിരക്ക് താങ്ങാനാവാത്തതാണെന്നതിനു പുറമേ വിദേശ രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസവും വിദേശ ജോലിക്കാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്നും ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ വിശദമാക്കി.

വിസ അനുവദിക്കുന്നതിലെ അമിതമായ കാലതാമസവും അമിതമായ വിമാന നിരക്കുകളും കുറക്കുന്നതിന് സര്‍ക്കാര്‍ എയര്‍ലൈനുകളുമായും എംബസികളുമായും ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നും ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!