
ദോഹ: ഖത്തര്‍ അന്താരാഷ്ട്ര സഹകരണ കാര്യങ്ങളിലെ സഹമന്ത്രി ഡോ. മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദ് ഫലസ്തീന്‍ സര്‍ക്കാരിന്റെ ഓപ്പറേഷന്‍സ് റൂം അംഗങ്ങളുമായി വെര്‍ച്വല്‍ യോഗം നടത്തി. യോഗത്തില്‍ ഫലസ്തീന്‍ സാമൂഹിക വികസന മന്ത്രിയും ദുരിതാശ്വാസ കാര്യങ്ങളുടെ മന്ത്രിയുമായ ഡോ. സമാഹ് ഹമദ് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ഖത്തര്‍- ഫലസ്തീന്‍ സഹകരണവും ഗാസ മേഖലയിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും പുതിയ സാഹചര്യങ്ങളും അവലോകനം ചെയ്തു.

ഗാസയിലെ സാധാരണ ജനങ്ങളുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വികസന- വിജ്ഞാന കൈമാറ്റ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തല്‍, ശീതകാലത്തിന് മുന്നോടിയായി ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കുകയും വിതരണം ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ഏകോപനങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായിരുന്നു. ഗാസയിലേക്കുള്ള മനുഷ്യാവകാശ സഹായങ്ങള്‍ ഫലപ്രദമായും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന രീതിയിലും എത്തിക്കാനുള്ള ഖത്തറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം, യുനൈറ്റഡ് നേഷന്‍സ് ഓഫീസ്‌ഫോര്‍ ദ കോഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 48 മനുഷ്യാവകാശ സംഘടനകളും ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

