ഹൃദയങ്ങളെ ചേര്‍ത്ത് പിടിക്കാന്‍ മമ്മൂട്ടി

Web Desk
2 Min Read

കൊച്ചി: നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക് കൂടുതല്‍ സഹായപദ്ധതികള്‍ക്ക് തുടക്കമിട്ട് നടന്‍ മമ്മൂട്ടി. അത്യന്തം ചെലവേറിയ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം പദ്ധതി വഴി സൗജന്യമായി ലഭ്യമാക്കുന്നത്.

city exchange

ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന മെക്കാനിക്കല്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അര്‍ഹരായ നൂറ് പേര്‍ക്ക് സൗജന്യമായി നടത്തിക്കൊടുക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയും മമ്മൂട്ടിയും സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഹൃദ്യം പദ്ധതിയില്‍ വിവിധ ജില്ലകളിലായി നടക്കുന്ന മെഡിക്കല്‍ ക്യാമ്പുകളിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവിയും രാജ്യത്തെ പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. ശിവ് കെ നായരുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തും. പതിനാലായിരത്തോളം ഹൃദയശസ്ത്രക്രിയകള്‍ നടത്തി പരിചയ സമ്പത്തുള്ള രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാണ്. ഹൃദ്യം പദ്ധതിയിലൂടെ നൂതന ചികിത്സാ രീതികള്‍ അപ്രാപ്യമായ ധാരാളം രോഗികള്‍ക്ക് രാജ്യത്തെ തന്നെ മികച്ച ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ലഭിക്കുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പറഞ്ഞു.

- Advertisement -
Ad image

മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പന്ത്രണ്ടാം വാര്‍ഷികം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. മതാതീത പരിഗണനകള്‍ക്ക് അപ്പുറം മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിച്ചിരുന്ന മമ്മൂട്ടിയുടെ പ്രവൃത്തികള്‍ സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മാനവ സ്‌നേഹത്തിന് മമ്മൂട്ടിയുടെ പ്രവൃത്തികള്‍ വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമായിരിക്കുമെന്നും തിരുമേനി അഭിപ്രായപ്പെട്ടു.

മമ്മൂട്ടിയും സഹപ്രവര്‍ത്തകരും കെയര്‍ ആന്‍ഡ് ഷെയറിലൂടെ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ആഭിപ്രായപ്പെട്ടു. കെയര്‍ ആന്‍ഡ് ഷെയറിന്റെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ വിശദീകരിച്ചു.

നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്കുള്ള ഹൃദയശസ്ത്രക്രിയാ പദ്ധതിയായ ഹൃദയസ്പര്‍ശം, ഗോത്രവര്‍ഗ്ഗക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ അടങ്ങിയ പൂര്‍വ്വികം സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള വഴികാട്ടി പദ്ധതി, നിര്‍ധനരായ വൃക്ക രോഗികള്‍ക്കായുള്ള സുകൃതം പദ്ധതി, നേത്രരോഗികള്‍ക്കായുള്ള കാഴ്ച പദ്ധതി, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണ പദ്ധതി ഉള്‍പ്പെടുന്ന വിദ്യാമൃതം തുടങ്ങി നിരവധി പദ്ധതികള്‍ കെയര്‍ ആന്‍ഡ് ഷെയറിലൂടെ മമ്മൂട്ടി സമൂഹത്തിന് ലഭ്യമാക്കിയിട്ടുണ്ട്.

പതിനാലായിരം ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ഡോ. ശിവ് കെ നായരെ മമ്മൂട്ടി ആദരിച്ചു. ചടങ്ങില്‍ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ശിവ് കെ നായര്‍, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ്ബ്, മാനേജിംഗ് ട്രസ്റ്റി റോയ് എം മാത്യു, ഡയറക്ടര്‍ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ഡയറക്ടര്‍ മോഹന്‍ സി എ, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

ഹൃദ്യം പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 8590965542 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!