

കോഴിക്കോട്: വിശ്വാസവും ആത്മീയതയും മറയാക്കി സമ്പത്തും ജീവനും കൊള്ളയടിക്കുന്ന പൗരോഹിത്യ ചൂഷകര്‍ക്കെതിരെ സാമൂഹിക നവോഥാനം സാധ്യമാകണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു. കെ എന്‍ എം- ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ‘അഹ്‌ലുസ്സുന്ന: വിശ്വാസവും വ്യതിയാനവും’ എന്ന തലക്കെട്ടില്‍ കോഴിക്കോട് കെ പി കേശവ മേനോന്‍ ഹാളില്‍ നടന്ന ആദര്‍ശപാഠശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം വിളംബരം ചെയ്യുന്നത് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മഹത് സന്ദേശങ്ങളാണ്. ഭീകരതയും വര്‍ഗീതയും വിനാശം മാത്രമേ വിളിച്ചു വരുത്തുകയുള്ളൂവെന്നും ഭിന്നിപ്പിക്കലിന്റെ ആശയങ്ങളെ ചേര്‍ന്നു പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുര്‍ആനിനെയും പ്രവാചക അധ്യാപനങ്ങളെയും ദുര്‍വ്യാഖ്യാനിച്ച് സമൂഹത്തില്‍ മന്ത്രവാദ, ആത്മീയ ചൂഷണം നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ എന്‍ എം വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.

കെ എന്‍ എം ജില്ലാ സെക്രട്ടറി വളപ്പില്‍ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‌മാന്‍ ആദൃശ്ശേരി, അഹമ്മദ് അനസ് മൗലവി, സഅദുദ്ദീന്‍ സ്വലാഹി, റഹ്‌മത്തുല്ല സ്വലാഹി, ഹാഫിസ് റഹ്‌മാന്‍ മദനി, ജുനൈദ് സലഫി, സി മരക്കാരുട്ടി എന്നിവര്‍ പ്രസംഗിച്ചു.
