കേരളത്തിലാദ്യമായ ജനറല്‍ ആശുപത്രിയില്‍ അവയവദാനം നടത്തി തലശ്ശേരി

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. തലശ്ശേരി അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനിയായ 53കാരി പി വനജയുടെ അവയവങ്ങളാണ് അഞ്ചുപേര്‍ക്ക് ദാനം ചെയ്തത്.
കരള്‍, രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലം എന്നിവയാണ് വനജ മറ്റുള്ളവര്‍ക്ക് ദാനം നല്കിയത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ എന്‍ ഒ എസ്) വഴിയായിരുന്നു അവയവദാന പ്രക്രിയ.
കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തതിന്റെ ചരിത്രം ഇനി തലശ്ശേരി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിക്ക് സ്വന്തമായി.
വളരെ വിഷമകരമായ അന്തരീക്ഷത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ഭര്‍ത്താവ് രാജനേയും കുടുംബാംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആദരവറിയിച്ചു. അവയവദാന പ്രക്രിയയ്ക്ക് മുന്‍കൈയ്യെടുത്ത ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവിയെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കിടക്കുന്ന സമയത്ത് ചില അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്നാണ് വനജയെ കണ്ണൂരിലെ എ കെ ജി ആശുപത്രിയിലെത്തിച്ചത്. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കെ എന്‍ ഒ എസ് നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിച്ചത്. ഡി എം ഒ ഡോ. നാരായണ്‍ നായിക്, കെ എന്‍ ഒ എസ് നോര്‍ത്ത് സോണ്‍ റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീലത എന്നവരുടെ കൂടി ശ്രമഫലമായാണ് അവയവദാനം പൂര്‍ത്തിയായതെന്നും വീണാ ജോര്‍ജ്ജ് അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!