അപരാജിതര്‍ ബ്ലാസ്റ്റേഴ്സ്

Web Desk
3 Min Read

തിലക് മൈതാന്‍ (ഗോവ): തിലക് മൈതാനിയില്‍ ഒരിക്കല്‍ കൂടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അപരാജിതരായി നിന്നു. ബോക്സിങ് ഡേയില്‍ കരുത്തരായ ജംഷെഡ്പൂര്‍ എഫ്സിയെ 1-1ന് ഒപ്പം പിടിച്ച ബ്ലാസ്റ്റേഴ്സ് സീസണില്‍ തോല്‍വിയില്ലാതെ തുടര്‍ച്ചയായ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 14-ാം മിനിറ്റില്‍ ജംഷെഡ്പൂരിനായി ഗ്രിഗ് സ്റ്റിയുവാര്‍ട്ട് ലീഡ് നേടി. 27-ാം മിനിറ്റില്‍ സഹല്‍ അബ്ദുസമദിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. തുടര്‍ച്ചായ മൂന്നാം ഗോളും സീസണില്‍ നാലാം ഗോളും നേടിയ സഹല്‍ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്‌കോററായി.

city exchange

ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു പെനാല്‍റ്റി കിക്ക് അര്‍ഹിച്ചെങ്കിലും റഫറി നിഷേധിച്ചു. എട്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാലു സമനിലയും ഒരു തോല്‍വിയുമായി 13 പോയിന്റുകള്‍ നേടിയ ടീം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഒരേ പോയിന്റുള്ള ജംഷെഡ്പൂര്‍ ഗോള്‍വ്യത്യാസത്തില്‍ രണ്ടാമന്‍മാരായി. സീസണ്‍ തുടക്കത്തില്‍ പോയിന്റ് പട്ടികയില്‍ പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയാണ് 2021ലെ മത്സരങ്ങള്‍ അവസാനിപ്പിക്കുന്നത്. നിലവിലെ മുന്നേറ്റം പുതുവര്‍ഷത്തില്‍ കൂടുതല്‍ കരുത്തോടെ കളിക്കാന്‍ ബ്ലാസ്റ്റേഴ്സിന് ഇന്ധനമാവും.

ചെന്നൈയിന്‍ എഫ് സിക്കെതിരെ കളിച്ച ടീമില്‍ മാറ്റങ്ങള്‍ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അല്‍വാരോ വാസ്‌കസ്- ജോര്‍ജ് ഡയസ് സഖ്യം മുന്നേറ്റത്തില്‍. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുല്‍ സമദ്, പുയ്ട്ടിയ, ജീക്സണ്‍ സിങ് എന്നിവര്‍. പ്രതിരോധത്തില്‍ ജെസെല്‍ കര്‍ണെയ്റോ, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം, ഹര്‍മന്‍ജോത് കബ്ര എന്നിവരായിരുന്നു. പ്രഭ്സുഖന്‍ സിങ് വലയ്ക്ക് മുന്നില്‍ തുടര്‍ന്നു. രണ്ടു മാറ്റങ്ങളുമായി 4-4-1-1 ശൈലിയിലാണ് ജംഷ്ഡ്പൂര്‍ എഫ് സി ഇറങ്ങിയത്.

- Advertisement -
Ad image

തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഇരുടീമുകളും പതിയെ തുടങ്ങി. 14-ാം മിനിറ്റില്‍ ജംഷെഡ്പൂര്‍ എഫ് സി ലീഡെടുത്തു. ഫ്രീകിക്കില്‍ നിന്നായിരുന്നു മനോഹര ഗോള്‍. മൈതാനത്തിന്റെ ഇടത് ഭാഗത്ത് നിന്നുള്ള ഗ്രെഗ് സ്റ്റിയൂവാര്‍ട്ടിന്റെ ഇടങ്കാലന്‍ കിക്ക് ഗോളി പ്രഭ്സുഖന്‍ സിങിന് ഒരു അവസരവും നല്‍കാതെ ബാറില്‍ തട്ടി വലയിലേക്ക് കയറി.

ജംഷെഡ്പൂരിന്റെ സന്തോഷത്തിന് അധിക ആയുസുണ്ടായില്ല. 27-ാം മിനിറ്റിലെ തകര്‍പ്പന്‍ നീക്കത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. മധ്യനിരയില്‍ നിന്ന് പന്ത് സ്വീകരിച്ച അല്‍വാരോ വാസ്‌കസ് മൈതാന മധ്യത്തിലൂടെ ഒറ്റയ്ക്ക് മുന്നോട്ട് കുതിച്ചു. ജംഷെഡ്പൂര്‍ പ്രതിരോധക്കാര്‍ക്ക് അവസരം നല്‍കാതെ ബോക്സിന് തൊട്ട് പുറത്ത് നിന്ന് തൊടുത്ത മനോഹര ഷോട്ട് രഹനേഷ് തടുത്തിട്ടു. വലത് ഭാഗത്ത് തക്കംപാര്‍ത്തുനിന്ന സഹല്‍ അബ്ദുസമദിന്റെ ഞൊടിയിടയിലുള്ള നീക്കം ബ്ലാസ്റ്റേഴ്സിന് ഗോള്‍ സമ്മാനിച്ചു. രഹനേഷ് തടുത്തിട്ട പന്തിനെ സഹല്‍ അനായാസം വലയിലേക്ക് ചെത്തിയിട്ടു. സഹലിന്റെ അക്കൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം ഗോളും സീസണിലെ നാലാം ഗോളും. സുനില്‍ ഛേത്രിക്ക് ശേഷം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സഹല്‍ സ്വന്തമാക്കി.

കളിയുടെ തുടക്കത്തില്‍ ജംഷെഡ്പൂര്‍ നേടിയ പന്താധിപത്യം ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു. ഇരുപകുതികളിലും പന്തെത്തി. കളിയുടെ 37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താനുള്ള അവസരമുണ്ടായി. ബോക്സിനകത്ത് വാസ്‌കസിന്റെ ക്രോസ് തടയുന്നതിനിടെ ജംഷെഡ്പൂര്‍ പ്രതിരോധ താരത്തിന്റെ കയ്യില്‍ തട്ടി. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പെനാല്‍റ്റി കിക്കിനായി വാദിച്ചെങ്കിലും റഫറി അര്‍ഹിച്ച ആനുകൂല്യം നിഷേധിച്ചു. ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ ആക്രമണത്തിന് ശ്രമിച്ചു. ജംഷെഡ്പൂര്‍ നായകന്‍ പീറ്റര്‍ ഹാര്‍ട്ട്ലി പലവട്ടം വിലങ്ങുതടിയായി. ആദ്യപകുതിയില്‍ ഇരുടീമുകളും രണ്ടുതവണ ലക്ഷ്യത്തിലേക്ക് അടി പായിച്ചു. എന്നാല്‍ പന്തിന്‍മേലുള്ള നിയന്ത്രണത്തിലും (55 ശതമാനം) പാസുകളിലും ക്രോസുകളിലും ബ്ലാസ്റ്റേഴ്സ് മികവുകാട്ടി.

മാറ്റങ്ങളില്ലാതെ ഇരുടീമുകളും രണ്ടാം പകുതിക്കിറങ്ങി. 50-ാം മിനിറ്റില്‍തന്നെ ലീഡിനുള്ള മറ്റൊരു അവസരമെത്തിയെങ്കിലും നിര്‍ഭാഗ്യം തടഞ്ഞു. ഹാര്‍ട്ട്ലിയുടെ പിഴവ് മുതലെടുത്ത് ബോക്സിന് തൊട്ട്പുറത്ത് നിന്ന വാസ്‌കസ് തന്ത്രപരമായ നീക്കം നടത്തി. പന്ത് ക്രോസ് ബാറിലും പുറത്തെ വലയിലും തട്ടി. ജംഷെഡ്പൂരിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ബ്ലാസ്റ്റേഴ്സ് ചെറുത്തു. പ്രത്യാക്രമണങ്ങളുണ്ടായില്ല. മധ്യനിരയ്ക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനും കഴിഞ്ഞില്ല. 61-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി. അഡ്രിയാന്‍ ലൂണയ്ക്ക് പകരം സെയ്ത്യാസെന്‍ സിങിനെ ഇറക്കി. 72-ാം മിനിറ്റില്‍ രണ്ട് മാറ്റങ്ങള്‍ കൂടി വരുത്തി.

സഹലിന് പകരം വിന്‍സി ബരേറ്റൊയും പ്യൂട്ടിയക്ക് പകരം ആയുഷ് അധികാരിയുമെത്തി. തൊട്ടുപിന്നാലെ ബരേറ്റോയുടെ ഒരുഗോള്‍ ശ്രമം പാഴായി. 84-ാം മിനുറ്റില്‍ പ്രഭ്സുഖന്റെ മികച്ച സേവിങ് ബ്ലാസ്റ്റേഴ്സിന് രക്ഷയായി. ഇഷാന്‍ പണ്ഡിതയുടെ ഗോളെന്നുറച്ച ഒരുഷോട്ടാണ് കോര്‍ണറിന് വഴങ്ങി പ്രഭ്സുഖന്‍ തട്ടിയകറ്റിയത്. കളി പിടിക്കാന്‍ ബ്ലാസ്റ്റേഴ്സ് അവസാന മാറ്റങ്ങളും ഉപയോഗിച്ചു. ജോര്‍ജ് ഡയസും ഹോര്‍മിപാമും പിന്‍വാങ്ങി. യഥാക്രമം പ്രശാന്തും എനെസ് സിപോവിച്ചും പകരക്കാരായി. പരിക്ക് സമയത്ത് ബ്ലാസ്റ്റേഴ്സ് ഒരു കോര്‍ണര്‍ വഴങ്ങിയെങ്കിലും ഗോള്‍ വീഴാതെ കാത്തു. 2022 ജനുവരി രണ്ടിന് എഫ് സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Share This Article
Leave a Comment
error: Content is protected !!