

ദോഹ: റസിഡന്റ് കാലാവധി ലംഘിച്ച പ്രവാസികള്‍ക്കും കമ്പനികള്‍ക്കും തൊഴില്‍ വിസാ ചട്ടം ലംഘിച്ച പ്രവാസികള്‍ക്കുമുള്ള പൊതുമാപ്പിന്റെ കാലാവധി അധികൃതര്‍ ദീര്‍ഘിപ്പിച്ചു. ഈ വര്‍ഷം മാര്‍ച്ച് 31നകം അനധികൃത താമസക്കാര്‍ക്കും കമ്പനികള്‍ക്കും തങ്ങളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ അവസരം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രവാസികളുടെ വരവ്, പോക്ക്, താമസം സംബന്ധിച്ച 21/2015 നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ അനുവദിച്ച ഗ്രേസ് പിര്യേഡാണ് ദീര്‍ഘിപ്പിച്ചത്.

സെറ്റില്‍മെന്റ് തുകയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് പ്രയോജനപ്പെടുത്താനുള്ള തൊഴില്‍ ദാതാക്കളുടേയും പ്രവാസി തൊഴിലാളികളുടേയും താത്പര്യങ്ങള്‍പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം പുതുക്കിയത്. നിയമലംഘകരായി താമസിക്കുന്ന പ്രവാസികളും അനധികൃത തൊഴില്‍ ദാതാക്കളും ലംഘനങ്ങള്‍ സംബന്ധിച്ച ഒത്തുതീര്‍പ്പിന് സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്‌മെന്റിനെയോ നിലവിലുള്ള സ്ഥാപനത്തില്‍ നിന്ന് പുതിയതിലേക്ക് മാറാന്‍ ഉമ്മുസലാല്‍, അല്‍ റയ്യാന്‍, മിസൈമീര്‍, വക്‌റ, ഉമ്മു സുനൈം എന്നീ സര്‍വീസ് സെന്ററുകളിലോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ റസിഡന്റ് പെര്‍മിറ്റ് അനുവദിക്കാനോ പുതുക്കാനോ ഉദ്ദേശിക്കുന്ന നിയമലംഘകര്‍ ശമാല്‍, അല്‍ഖോര്‍, ദആയിന്‍, ഉമ്മുസലാല്‍, പേള്‍, ഉനൈസ, സൂഖ് വാഖിഫ്, റയ്യാന്‍, ഉമ്മു സുനൈം, ഷഹാനിയ, മിസൈമീര്‍, വക്‌റ, ദുഖാന്‍ എന്നീ സര്‍വീസ് സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെയുള്ള സമയത്താണ് സേവന കേന്ദ്രങ്ങളിലോ ഡിപ്പാര്‍ട്ട്‌മെന്റിലോ സന്ദര്‍ശിക്കാനുള്ള സമയം.
സ്റ്റാറ്റസ് നിയമവിധേയമാക്കാനും നിയമാനുസൃതമാക്കാത്തത് മൂലമുണ്ടാകുന്ന നിയമ നടപടികള്‍ ഒഴിവാക്കുന്നതിനും സെറ്റില്‍മെന്റ് കാലയളവ് പ്രയോജനപ്പെടുത്തണമെന്ന് തൊഴിലുടമകളോടും പ്രവാസികളോടും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

