
മനില: 2029ലെ എഫ്‌ഐവിബി വോളിബോള്‍ പുരുഷ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് ഖത്തര്‍ നേടിയതായി അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്‍ (എഫ്‌ഐവിബി) പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ നടന്ന എഫ്‌ഐവിബി ബോര്‍ഡ് ഓഫ് അഡ്മിനിസ്‌ട്രേഷന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ ആദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഖത്തറിന്റെ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, ലോകോത്തര കായിക സൗകര്യങ്ങള്‍, നൂതന ഗതാഗത ശൃംഖലകള്‍, പൊതുവെ കായിക വികസനത്തിനും പ്രത്യേകിച്ച് വോളിബോളിനും ഉള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്.

വിവിധ മേഖലകളിലായി പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന്റെ വൈദഗ്ധ്യം, മാനുഷിക മൂലധനം, സാംസ്‌കാരികവും സംഘടനാപരവുമായ പാരമ്പര്യം എന്നിവ ഇത് എടുത്തുകാണിക്കുന്നു.
ലോകമെമ്പാടുമുള്ള 32 ദേശീയ ടീമുകളെ ഒരുമിച്ച് കൊണ്ടുവരുന്ന എഫ്‌ഐവിബി വോളിബോള്‍ പുരുഷ ലോക ചാമ്പ്യന്‍ഷിപ്പ് എഫ്‌ഐബിവി കലണ്ടറിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ മത്സരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

