ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെ വിട്ടു

Web Desk
2 Min Read

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെവിട്ടു. കേസില്‍ ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പറഞ്ഞത്.

city exchange

ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധി കേട്ട ശേഷം ഫ്രാങ്കോട ആദ്യം പ്രതികരിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ അദ്ദേഹം എല്ലാവരോടുമായി കൈകൂപ്പുകയായിരുന്നു. വിധി കേട്ട ശേഷം കോടതി മുറിയില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം അഭിഭാഷകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് കുറവിലങ്ങാട് പൊലീസ് ഫ്രാങ്കോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളക്കല്‍ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്.

- Advertisement -
Ad image

പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബുവും സുബിന്‍ കെ വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ രാമന്‍പിള്ള, സി എസ് അജയന്‍ എന്നിവരുമാണ് ഹാജരായത്.

2019 ഏപ്രില്‍ നാലിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 സെപ്റ്റംബറിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കേസിലെ 84 സാക്ഷികളില്‍ 39 പേരെ കോടതി വിസ്തരിച്ചു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക.

പ്രോസിക്യൂഷന്‍ 122 രേഖകളാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതിഭാഗം ആറു സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഈ മാസം പത്തിനാണ് വിചാരണ പൂര്‍ത്തിയായത്.

2018 ജൂണ്‍ 29നാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളക്കലിനെതിരെ പൊലീസ് കേസെടുത്തത്. വൈക്കം ഡി വൈ എസ് പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇത് ചോദ്യം ചെയ്ത് പരാതിക്കാരുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ സമരം ആരംഭിക്കുകയും ഒടുവില്‍ സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 25 ദിവസത്തിനുശേഷം ഒക്ടോബര്‍ 15നാണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ ഫ്രാങ്കോ മുളക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചെങ്കിലും കോടതി ആ ആവശ്യം തള്ളുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!