
ലണ്ടൻ: അന്താരാഷ്ട്ര മാരിറ്റൈം ഓർഗനൈസേഷൻ (ഐ എം ഒ) എക്സിക്യൂട്ടീവ് കൗൺസിലിൽ വിഭാഗം ‘സി’യിൽ ഖത്തർ തുടർച്ചയായി മൂന്നാം തവണയും അംഗത്വം നേടി.

ലണ്ടനിൽ നടന്ന ഐ എം ഒ അസംബ്ലിയുടെ 34-ാം സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ഖത്തർ വിജയം ഉറപ്പിച്ചത്.

ആഗോള കടൽ ഗതാഗത മേഖലയിലെ ഖത്തറിന്റെ പ്രമുഖ സ്ഥാനവും സമുദ്ര സുരക്ഷയും സംരക്ഷണവും മെച്ചപ്പെടുത്താനും സ്ഥിരതയാർന്ന മാരിറ്റൈം ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾ വികസിപ്പിക്കാനുമുള്ള സംയുക്ത അന്താരാഷ്ട്ര ശ്രമങ്ങളിൽ ഖത്തർ വഹിക്കുന്ന നിർണായക പങ്കാണ് വിജയം വീണ്ടും തെളിയിക്കുന്നത്.
മാരിറ്റൈo വികസിപ്പിക്കാനുള്ള ഖത്തറിന്റെ തുടർച്ചയായ പരിശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണിതെന്നു ഈ നേട്ടത്തെ കുറിച്ച് ഗതാഗതമന്ത്രി ശെെഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി വ്യക്തമാക്കി.
തുടർച്ചയായി മൂന്നാം തവണ കൗൺസിലിലേക്ക് ഖത്തർ തെരഞ്ഞെടുക്കപ്പെട്ടത് രാജ്യനേതൃത്വത്തിന്റെ ദീർഘവീക്ഷണവും അന്താരാഷ്ട്ര സംഘടനകളിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നയങ്ങളും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ മുൻനിര മാരിറ്റൈം ലോജിസ്റ്റിക്‌സ് ഹബ്ബായി ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള വലിയ ചുവടുവയ്പുമാണിതെന്ന് മന്ത്രി പറഞ്ഞു.

