വിന്നി ആൻ ബോസിൻ്റെ സുലൈമാനിക്ക് അജ്യാൽ ഹൃസ്വ ചിത്ര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം

Web Desk
2 Min Read

ദോഹ: ദോഹ ഫിലിം ഫെസ്റ്റിവലിലെ അജ്യാൽ ഹൃസ്വ ചിത്ര വിഭാഗത്തിൽ ബെസ്റ്റ് ഫിലിം പുരസ്കാരം മലയാളിക്ക്. ഫ്രാൻസിൽ നിന്നുള്ള ആനിമേഷൻ ചലച്ചിത്ര സംവിധായികയും എറണാകുളം സ്വദേശിയുമായ വിന്നി ആൻ ബോസിൻ്റെ സുലൈമാനിയാണ് പുരസ്ക്കാരത്തിന് അർഹമായത്.

city exchange

20 മിനുട്ട് ദൈര്‍ഘ്യമുള്ള സുലൈമാനി മലയാളം, ഫ്രഞ്ച് ഭാഷകളിലാണ് സംസാരിക്കുന്നത്. കുടുംബ പ്രതിസന്ധികള്‍ക്കിടയില്‍ ഫ്രാന്‍സിലേക്ക് അനധികൃത കുടിയേറ്റം നടത്തി പ്രായമായവരെ പരിചരിക്കുന്ന നീനയെന്ന യുവതിയുടേയും സ്‌കോളര്‍ഷിപ്പോടെ പഠനത്തിന് പോയ ആലിയ എന്ന യുവതിയുടേയും ഇന്ത്യൻ റസ്റ്റോറൻ്റ് സുലൈമാനി നടത്തുന്ന മധ്യവയസ്ക്കനും റസ്റ്റോറൻ്റിലെ വെയിറ്ററും നീനയുടെ ഭർത്താവും രണ്ടു മക്കളും അമ്മയും ആലിയയുടെ ഉമ്മയും ഉപ്പയും മെട്രോ ട്രെയിനിലെ അസ്വാഭാവിക സ്വഭാവിയായ വ്യക്തിയും റസ്റ്റോറൻ്റിൽ പാർസൽ വാങ്ങാനെത്തുന്ന യുവാവുമാണ് സിനിമയിലെ കഥപാത്രങ്ങൾ.

സുലൈമാനിയും രണ്ടു യുവതികളും അവരുടെ ജീവിതവുമാണ് വിന്നി 20 മിനുട്ടിനുള്ളിൽ പറഞ്ഞു വെക്കുന്നത്.പരസ്പരം പരിചയമില്ലാത്ത രണ്ട് യുവതികള്‍ ക്രിസ്തുമസ് കാലത്ത് ഫ്രാൻസിലെ മെട്രോ ട്രെയിനിനകത്താണ് അവിചാരിതമായി കണ്ടുമുട്ടുന്നത്. നീനയുടെ ഒരു സാധനം ട്രെയിനനകത്ത് മറന്നു പോകുമ്പോള്‍ ആലിയ അത് തിരികെ നല്‍കാന്‍ നടത്തുന്ന പിന്തുടരലാണ് സുലൈമാനിയിലേക്കും ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്കും എത്തിക്കുന്നത്.

സുലൈമാനി പോലെ ഒറ്റവാക്കില്‍ നിര്‍വചിക്കാനാവാത്ത ചില ജീവിതങ്ങള്‍ ഫ്രെയിമുകളിലൂടെ കടന്നു പോവുന്നു. മലയാളിയുടെ രുചി മുകുളങ്ങളുടെ ചരട് പൊട്ടിക്കുന്ന ബിരിയാണിയും പപ്പടവും പൊറോട്ടയും ചിക്കന്‍ കറിയുമെല്ലാമുള്ള ഇന്ത്യന്‍ രുചികളാണ് സുലൈമാനി റസ്‌റ്റോറന്റിന്റെ മുഖമുദ്ര; അതോടൊപ്പം സുലൈമാനിയും.വിന്നി ആന്‍ ബോസും പാട്രീഷ്യ വാലെക്‌സും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. സംവിധാനത്തിന് പുറമെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് വിന്നി തന്നെയാണ്. ഒപ്പം ആലിയ എന്ന കഥാപാത്രത്തിന് വിന്നി തന്നെ ശബ്ദവും നല്‍കിയിരിക്കുന്നു.

- Advertisement -
Ad image

ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ കാനഡ 2025ല്‍ എക്‌സലന്‍സ് ഇന്‍ ഷോര്‍ട്ട് ഫിലിം മേക്കിംഗ് പുരസ്‌ക്കാരം വിന്നിയുടെ സുലൈമാനി കരസ്ഥമാക്കിയിട്ടുണ്ട്. 2026 സീസര്‍ ചലച്ചിത്ര മേളയിലേക്ക് ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ച സുലൈമാനിയെ ഇന്റര്‍നാഷണല്‍ ആനിമേറ്റഡ് ഫിലിം ഫെസ്റ്റിവലായ അനിമഡിബ 2025ലേക്കും ഒഫീഷ്യല്‍ സെലക്ഷന്‍ നല്‍കിയിരുന്നു.

അന്നസി ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട സുലൈമാനി ധര്‍മശാല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2025ലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Share This Article
Leave a Comment
error: Content is protected !!