

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ നിര്‍വഹിച്ചു. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ അല്‍താനി ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ സന്നിഹിതനായിരുന്നു.

ഇന്ത്യാ- ഖത്തര്‍ ബന്ധങ്ങളുടെ പുതിയ അധ്യായമാണ് ഖത്തറിലെ ചാന്‍സലറി കെട്ടിടത്തിലൂടെ നിര്വഹിക്കപ്പെടുകയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ് എംബസി.

ഇന്ത്യയും ഖത്തറും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധവും ഇരു രാജ്യങ്ങളും തമ്മില്‍ കോവിഡ് കാലത്ത് നിര്‍വഹിച്ച മികച്ച ബന്ധങ്ങളും വിദേശകാര്യ മന്ത്രി എടുത്തു പറഞ്ഞു. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് വീടുവിട്ടുള്ള രണ്ടാമത്തെ വീടാണിത്.
ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അഫിലിയേറ്റഡ് സംഘടനകളുടെ സഹകരണം എടുത്തു പറയേണ്ടതാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായ ആസാദി കാ അമൃത് മഹോത്സവവും നൂറാം വര്‍ഷത്തിലേക്കുള്ള അടുത്ത 25 വര്‍ഷങ്ങളും ഏറെ പ്രധാനമാണ്. ഇന്ത്യന്‍ എംബസി കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മികവുറ്റ നിര്‍മിതിയായിരിക്കും ചാന്‍സലറി കെട്ടിടമെന്നും വിദേശകാര്യ മന്ത്രി എടുത്തു പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിലെ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പിലായിരുന്നു ചാന്‍സലറി കെട്ടിടത്തിന്റെ തറക്കല്ലിടല്‍. ഇന്ത്യന്‍ സമൂഹത്തിന് ചടങ്ങ് വീക്ഷിക്കാന്‍ ഫേസ്ബുക്കിലും യൂട്യൂബിലും അവസരം ഒരുക്കിയിരുന്നു.

