

ന്യൂഡല്‍ഹി: യുക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തിന്റെ കാര്യം ത്രിശങ്കുവിലായി. വിമാനം യുക്രൈനിലേക്ക് പറക്കാന്‍ നിര്‍ദ്ദേശം നല്കണോ തിരികെ വിളിക്കണോ എന്ന കാര്യത്തിലാണ് എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും ആലോചിക്കുന്നത്.

വ്യാഴാഴ്ച രാവിലെയാണ് യുക്രൈനിയന്‍ അധികൃതര്‍ സിവില്‍ എയര്‍ക്രാഫ്റ്റ് ഓപ്പറേഷനുകള്‍ക്കായി രാജ്യത്തിന്റെ വ്യോമപാത അടച്ചത്. എയര്‍ ഇന്ത്യ ഫ്ലൈറ്റ് എ ഐ 1947 ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാവിലെ ഏഴരയ്ക്ക് പുറപ്പെട്ടിരുന്നു. കീവിലെ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ പറക്കുന്നത്.

ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്‌ളൈറ്റ്അവെയര്‍ പ്രകാരം ഏകദേശം ആറ് മണിക്കൂറിനുള്ളില്‍ വിമാനം അവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ 7.45ഓടെ കീവില്‍ നിന്നുള്ള യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പ്രസ്തുത വിമാനത്തില്‍ 182 ഇന്ത്യക്കാരാണുണ്ടായിരുന്നത്. അതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. രണ്ട് വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തതായി എസ് ടി ഐ സി ഗ്രൂപ്പിന്റെ ഡയറക്ടര്‍ അഞ്ജു വാരിയ അറിയിച്ചു. ഇന്ത്യയിലെ യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ജനറല്‍ സെയില്‍സ് ഏജന്റ് (ജി എസ് എ) ആണ് എസ് ടി ഐ സി ഗ്രൂപ്പ്.
സിവില്‍ ഏവിയേഷന് അപകട സാധ്യതയുള്ളതിനാല്‍ യുക്രൈനിനുള്ളിലെ സിവില്‍ വിമാനങ്ങളുടെ പറക്കല്‍ നിയന്ത്രിച്ചിരിക്കുന്നുവെന്ന നോട്ടീസ് യുക്രേനിയന്‍ അധികൃതര്‍ വിമാന കമ്പനകമ്പനികള്‍ക്ക് നല്കിയിട്ടുണ്ട്.

