

ഇസ്താംബൂള്‍: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ സി ഇ ഒ ഓഫര്‍ ഇല്‍ക്കര്‍ ഐസി നിരസിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇല്‍ക്കര്‍ ഐസിയെ സി ഇ ഒയായി തെരഞ്ഞെടുക്കാന്‍ ഈയ്യിടെ എയര്‍ ഇന്ത്യ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. എയര്‍ ഇന്ത്യയുടെ സി ഇ ഒയും എം ഡിയുമായി ഐസിയെ നിയമിക്കുന്നതിന് യോഗം അംഗീകാരം നല്കുകയും ചെയ്തു.

എന്നാല്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗാനുമായി ഐസിക്കുള്ള അടുപ്പം ഉള്‍പ്പെടെ നിയമനത്തില്‍ ചോദ്യം ചെയ്യപ്പെട്ടുവെന്നാണ് വിവരം. ഇത്തരം വിവരങ്ങള്‍ പുറത്തുവന്നതോടെ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമോ ആയ തീരുമാനമല്ലെന്ന് താന്‍ കരുതുന്നതായി ഐസി ഓഫര്‍ നിരസിക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടി പറഞ്ഞിട്ടുണ്ട്.

ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഐസി പിന്നീട് സി ഇ ഒ ആവുകയായിരുന്നു. ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ നിന്നും രാജിവെച്ചതിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ ഓഫര്‍ അദ്ദേഹത്തിലേക്ക് എത്തിയത്. 1971ല്‍ ഇസ്താംബൂളില്‍ ജനിച്ച ഐസി ബില്‍കെന്റ് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. 1995ല്‍ യു കെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്തിയ ശേഷം 1997ല്‍ ഇസ്താംബൂളിലെ മര്‍മര യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മാസ്റ്റേഴ്‌സ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിരുന്നു.

