

ദോഹ: പ്രാദേശിക ഖത്തരി പൈതൃകവും ചരിത്ര പാരമ്പര്യവുമാണ് ലുസൈല്‍ ട്രാമിന്റെ പ്രചോദനമെന്ന് ദോഹ മെട്രോയും ലുസൈല്‍ ട്രാമും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. ട്രാം സ്‌റ്റേഷന്റെ ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റില്‍ സ്‌റ്റേഷനുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ മൂന്ന് തലങ്ങളിലായി വികസിപ്പിച്ചതാണെന്നാണ് കുറിക്കുന്നത്. പ്രാദേശിക പരമ്പരാഗത കരകൗശല തുണിത്തരണങ്ങളെ അനുസ്മരിപ്പിക്കുന്ന നിറങ്ങളും പ്രാദേശിക ജനാലകളില്‍ ഉപയോഗിക്കുന്ന സ്‌റ്റെയിന്‍ഡ് ഗ്ലാസും ഇതിന്റെ പ്രധാന പ്രത്യേകതകളാണ്. പാറ്റേണുകള്‍ ഉരുത്തിരിഞ്ഞതാകട്ടെ പ്രാദേശികമായി വീടുകളിലും മജ്‌ലിസുകളിലും ഉപയോഗിക്കുന്ന ജിപ്‌സം കൊത്തുപണികളില്‍ നിന്നും.

ചരിത്രപരമായ കോട്ടകള്‍, ടവറുകള്‍, സൂഖുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ചിരുന്ന കളിമണ്ണിന്റെ ടെക്‌സ്ചറുകള്‍ ചുവരുകളിലും നിലകളിലും പ്രതിഫലിക്കും. പൗരാണിക ആഭണരങ്ങളിലെ ജ്യാമിതീയ രൂപങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എനര്‍ജി സിറ്റി സൗത്ത്, എസ്പ്ലനേഡ്, യാച്ച് ക്ലബ്, മറീന, പ്രൊമെനേഡ് മറീന, ലെഗ്‌തൈഫിയ എന്നിങ്ങനെ ഓറഞ്ച് ലൈനിലെ ആറ് സ്‌റ്റേഷനുകളില്‍ 2022 ജനുവരി ഒന്നുമുതല്‍ ലുസൈല്‍ ട്രാം പ്രിവ്യൂ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ ആറു മുതല്‍ രാത്രി 11 മണി വരെ അഞ്ച് മിനുട്ട് ഇടവേളകളിലാണ് ട്രാം ഓടുന്നത്. വ്യാഴാഴ്ചകളില്‍ രാവിലെ ആറു മുതല്‍ രാത്രി 11.59 വരേയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11.59 വരെയുമാണ് സര്‍വീസ്.

