

ലണ്ടന്‍: യു എ ഇയില്‍ ജോലി ചെയ്യുന്നതിനിടെ രണ്ട് വിദ്യാര്‍ഥികളെ പീഡിപ്പിച്ച ബ്രിട്ടീഷ് അധ്യാപകന് യു കെയില്‍ തടവ് ശിക്ഷ വിധിച്ചു. യു എ ഇയില്‍ നിന്നും രക്ഷപ്പെട്ട് യു കെയിലെത്തിയാല്‍ രക്ഷപ്പെടാമെന്ന് കരുതിയ അധ്യാപകനെ ശിക്ഷിക്കുകയായിരുന്നു.

ലണ്ടനില്‍ നിന്നുള്ള പോള്‍ ഷിന് എന്ന 49കാരനാണ് യു എ ഇയിലെ ഒരു ബ്രിട്ടീഷ് സ്കൂളില്‍ ജോലി ചെയ്യുന്നതിനിടെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചത്. വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് 2019 മാര്‍ച്ചില്‍ ഇയാളെ സ്കൂളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ദേശീയ ക്രൈം ഏജന്‍സിക്ക് കുറ്റകൃത്യത്തെ കുറിച്ച് റിപ്പോര്‍ട്ടും നല്കി. യു കെയിലേക്ക് മടങ്ങിയ പോള്‍ ഷിന്നിനെ രാജ്യത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

2022 ജനുവരി 28നാണ് കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത അഞ്ച് കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്. കുട്ടികളെ പല തവണ പീഡിപ്പിക്കുകയും മോശമായ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായും കണ്ടെത്തി. കുട്ടികളുടെ വിശ്വാസം പിടിച്ചു പറ്റിയതിന് ശേഷം തന്നോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി സമ്മാനങ്ങള്‍ നല്‍കുകയും യാത്രകള്‍ വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല സിനിമകളില്‍ നിന്നുള്ള അശ്ലീല രംഗങ്ങളും കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.
വിദേശത്തു നടത്തിയ ദുരുപയോഗത്തിന് ബ്രിട്ടീഷ് പൗരന്മാരെ യു കെയില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന ലൈംഗിക കുറ്റകൃത്യ നിയമത്തിലെ സെക്ഷന്‍ 72 പ്രകാരം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ആറു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതില്‍ അഞ്ച് കുറ്റങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ആറാമത്തെ കുറ്റത്തില്‍ ജൂറിക്ക് തീരുമാനത്തിലെത്താന്‍ സാധിക്കാതെ വരികയായിരുന്നു.

