അകലങ്ങള്‍ ഇല്ലാതാകുന്ന പെരുന്നാള്‍ നന്മകള്‍

Web Desk
2 Min Read
  • ഇ വി അബ്ദുറഹ്മാന്‍

ആഘോഷങ്ങളെല്ലാം പ്രവാസിക്ക് ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ കൂടിയാണ്. ജന്മനാടുമായുള്ള മുറിച്ചുകളയാനാവാത്ത പൊക്കിള്‍ക്കൊടി ബന്ധമാണ് പ്രവാസിയെ നിരന്തരം സ്വന്തം ദേശത്തോടും ഓര്‍മകളോടും ചേര്‍ത്തുനിര്‍ത്തുന്നത്. ഉപ്പ വാങ്ങിത്തരുന്ന പുത്തന്‍ പുടവകള്‍ എടുത്തണിയാന്‍ വെമ്പുന്ന കുരുന്നുകള്‍, ഉമ്മയുടെ/ സഹധര്‍മിണിയുടെ നൈസ് പത്തിരിയും കോഴിക്കറിയും, ഉള്ഹിയ്യത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍, കല്ലിലരച്ച മൈലാഞ്ചിയുടെ ഗന്ധവും ചാരുതയും, അയല്‍പക്കങ്ങളിലെ സ്നേഹ കൈമാറ്റങ്ങള്‍ തുടങ്ങി എല്ലാ ഓര്‍മകളും ഒരു കടലിനപ്പുറം പ്രവാസിയെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്നു. ഓര്‍മകള്‍ ജീവിത പഥത്തിലെ വലിയ ഇന്ധനവും കൂടിയാണ്. അകല്‍ച്ചയെയും മാനസിക സമ്മര്‍ദ്ധങ്ങളെയും അത് ഘനീഭവിപ്പിക്കുന്നു. വിശേഷിച്ചും പ്രവാസിയുടെ ജീവിതത്തില്‍ ദേശത്തിന്റെ ഓര്‍മകളും ആഘോഷങ്ങളും പ്രധാനമാണ്.

city exchange

മാനുഷ ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തെയാണ് പെരുന്നാള്‍ അടയാളപ്പെടുത്തുന്നത്. മനുഷ്യര്‍ക്കിടയില്‍ അകലവും വെറുപ്പും സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളോടുള്ള മൂര്‍ച്ചയേറിയ ആയുധമാണ് പെരുന്നാളുകള്‍. മതത്തിലധിഷ്ഠിതമായ ആഘോഷമാണെങ്കിലും അതിന്റെ കാതല്‍ മാനുഷ സൗഹൃദവും ശാന്തിയുമാണ്. മത, ദേശ, ഭാഷ വ്യത്യാസങ്ങള്‍ക്കപ്പുറം പരന്നൊഴുകാന്‍ ശേഷിയുള്ള സാമൂഹിക, സാംസ്‌കാരിക വിനിമയങ്ങളാണ് ആഘോഷങ്ങള്‍. പ്രവാസിക്ക് ദേശ, മത ആഘോഷങ്ങള്‍ സൗഹാര്‍ദ്ദത്തിന്റെയും മതേതരത്വത്തിന്റെയും ചിഹ്നങ്ങള്‍ കൂടിയാണ്.

പ്രവാസി പെരുന്നാളിന്റെ മറ്റൊരു മധുരം സന്തോഷത്തിന്റെ കൈമാറ്റമാണ്. ആയിരങ്ങളുടെ പെരുന്നാള്‍ സുദിനം സമ്പന്നമാണെന്ന് ഉറപ്പിച്ചാണ് ഓരോ പ്രവാസിയും ആഘോഷത്തിലേര്‍പ്പെടുന്നത്. തന്റെ ചുറ്റും ഒരു ഭ്രമണ പഥമെന്നോണം കറങ്ങുന്ന നിരവധി പേരുടെ വസ്ത്രവും ആഹാരവും സന്തോഷവും ഉറപ്പാക്കിയാണ് പ്രവാസി പെരുന്നാള്‍ പുലരിയെ വരവേല്‍ക്കുന്നത്. ഈ സുകൃതത്തിന്റെ സന്തോഷവും ആത്മ സംതൃപ്തിയും പറഞ്ഞറിയിക്കാനാവാത്തതാണ്. സഹജീവികള്‍ക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും ബലി കഴിക്കുന്ന പ്രവാസികള്‍ ജീവിത പാഠപുസ്തകത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്. പത്തും ഇരുപതും വര്‍ഷം പ്രവാസിയായ ഒരാള്‍ ഒന്നോ രണ്ടോ തവണയാകും നാട്ടില്‍ പെരുന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവുക. പക്ഷേ, തന്റെ പ്രിയപ്പെട്ടവരുടെ, നാട്ടിലെ പാവപ്പെട്ടവരുടെ ഭക്ഷണ തളികയിലും ഉടയാടയിലും പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടാകും. സ്വന്തക്കാരോടും ദേശത്തോടുമുള്ള അനിര്‍വ്വചനീയമായ കണക്ടീവിറ്റിയാണ് പ്രവാസിയുടെ വലിയ സമ്പത്ത്. പെരുന്നാളിന്റെ ആഴങ്ങളിലേക്ക് സമ്പത്തു കൊണ്ടും ശരീരം കൊണ്ടും മനസു കൊണ്ടും ആഴ്ന്നിറങ്ങാന്‍ പ്രവാസിക്ക് മാത്രമാണ് സാധിക്കുകയെന്ന് നീണ്ട ഗള്‍ഫ് ജീവിത കാലത്ത് ബോധ്യപ്പെട്ടതാണ്.

വലിയ പെരുന്നാളിന്റെ കാതലായ ഘടകങ്ങളില്‍ ഒന്നാണ് ഹജ്ജ്. പ്രവാസത്തിന്റെ ഒരു മിനിയേച്ചറാണ് ഹജ്ജ്. സ്വന്തം ദേശവും കുടുംബവും വിട്ട് ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരൊറ്റ ദിശയില്‍ സംഗമിക്കുകയാണ്. ആഗോള മുസ്ലിം സമൂഹത്തിന്റെ മതപരമായ കര്‍മമാണ് ഹജ്ജെങ്കിലും അതിന്റെ ആത്മാവില്‍ കുടികൊള്ളുന്നത് മാനുഷ സമൂഹത്തിന്റെ ശാന്തിയും നന്മയുമാണ്. ലോക ജനതയുടെ ശാന്തിയും സന്തോഷവുമാണ് അവരുടെ പ്രാര്‍ഥന പ്രമേയങ്ങള്‍.

- Advertisement -
Ad image
ഇ വി അബ്ദുറഹ്മാന്‍
Share This Article
Leave a Comment
error: Content is protected !!