വിചിന്തനത്തിന്റേത് കൂടിയാണ് ഈ പെരുന്നാള്‍

Web Desk
1 Min Read
  • മുഹമ്മദ് ഷഫീഖ് അറക്കല്‍

കോവിഡ് മഹാമാരിയുടെ കാലത്ത് സാനിറ്റൈസര്‍ മണക്കുന്ന കൈകളില്‍ അത്തറിന്റെ പരിമളം പുരട്ടുന്ന പെരുന്നാളിന് ആഘോഷപ്പൊലിമയില്ലെങ്കിലും പെരുന്നാളിന്റെ സന്ദേശംപോലെ ത്യാഗനിര്‍ഭരമാക്കാം ഈ സുദിനം. ഓരോ മഹാമാരിയും ബാക്കിവയ്ക്കുന്ന ക്ഷാമം ഇടത്തരക്കാര്‍ മുതല്‍ സാധാരണക്കാരില്‍ വരെ കോവിഡ് കാലത്തിന്റെ പരിച്ചേദമായി പിടിമുറുക്കിയിട്ടുണ്ട്. കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മാത്രമല്ല ഈ ബലിപെരുന്നാള്‍ വിചിന്തനത്തിന്റെയും കൂടിയാണെന്ന് കാലം ഓര്‍മ്മപ്പെടുത്തുന്നു. പോയ കാലത്തിന്റെ ആഘോഷപ്പൊലിമകളെ അയവിറക്കുമ്പോള്‍ തെളിയുന്ന മൈലാഞ്ചി ചന്തത്തിലും വാക്‌സിന്റെ കടിഞ്ഞാണിനു ശേഷമുള്ള കോവിഡാനന്തരം ഭക്ഷണസ്വാതന്ത്ര്യത്തെ കൂടി ഹനിക്കുന്ന നിയമത്തിന്റെ മറയ്ക്കുള്ളില്‍ വിശ്വാസങ്ങളും ആചാരങ്ങളും അകപ്പെടുമെന്ന ആശങ്കവിതയ്ക്കുന്ന ഭയാനകകാലവും ഭരണകൂടത്തിന്റെ ചില ചുവടുവയ്പ്പുകള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
അകലം പാലിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന കോവിഡ് വൈറസ് കാലത്താണ് ആലിംഗനത്തിന്റെ പെരുന്നാള്‍ വീണ്ടും വന്നെത്തുന്നത്. 2019ല്‍ ലോകത്തെ പിടിച്ചുകുലുക്കിത്തുടങ്ങിയ മഹാമാരി പടരുന്നതിനിടയിലെ നാലാമത്തെ പെരുന്നാള്‍ നിലവാണുദിക്കുന്നത്. കഴിഞ്ഞ പെരുന്നാള്‍ ദിനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ തമ്മില്‍ ഭേദമെന്ന ആശ്വാസമുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ മുതല്‍ സാമ്പത്തികം വരെ പെരുന്നാള്‍ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്നു. കോവിഡ് തട്ടിയെടുത്ത മരണങ്ങള്‍. നമുക്കു സുപരിചിതരായവരെയെത്ര പേരാണ് കോവിഡില്‍ മണ്ണില്‍ മറഞ്ഞത്. അവരുടെ കുടുംബങ്ങള്‍ക്ക് സഹിക്കാനുള്ള കരുത്തു നല്‍കുവാനുള്ള പ്രാര്‍ഥനയും ചുറ്റുപാടുകളിലെ സഹജീവികള്‍ക്ക് നമ്മിലുള്ളത് പകുത്തു നല്‍കുവാനുമുള്ള ഉദാരമനസ്സുമായിരിക്കും ഈ വലിയ പെരുന്നാളിന്റെ ശോഭ.

city exchange
Share This Article
Leave a Comment
error: Content is protected !!