

ദോഹ: കോവിഡ് പ്രതിസന്ധിക്ക് തെല്ലൊരു ശമനം വന്നിട്ട് ഏറെ നാളായില്ല. ഇന്ത്യന്‍ വ്യോമയാന മേഖല പൂര്‍വ്വസ്ഥതിയില്‍ ആയി വരുന്നതേയുള്ളൂ. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ മുഴുവനായി പുന:സ്ഥാപിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ച് 27നും ആഭ്യന്തര സര്‍വീസുകള്‍ 2021 ഒക്ടോബര്‍ 18 നും മാത്രമാണ്.

എന്നാല്‍ 2022 ജനുവരി മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ മാത്രം ഒന്‍പത് പൈലറ്റ്മാരെയും 32 ക്യാബിന്‍ ക്രൂമാരെയും മദ്യം ഉപയോഗിച്ചുവെന്ന് കണ്ടെത്തി സസ്പന്റ് ചെയ്തിട്ടുണ്ട്. ഒന്‍പത് പൈലറ്റുമാരില്‍ രണ്ട് പേരെയും ക്യാബിന്‍ ക്രൂമാരില്‍ രണ്ട് പേരെയും രണ്ടാം തവണ ആവര്‍ത്തിച്ചതിനാല്‍ മൂന്ന് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്!

സസ്‌പെന്‍ഷനിലായവരുടെ കമ്പനി അനുസരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
ഇന്റിഗോ- പൈലറ്റ് 4, ക്യാബിന്‍ ക്ര- 10
സ്‌പൈസ് ജെറ്റ്- പൈലറ്റ് 1, ക്യാബിന്‍ ക്രൂ 6
ഗോ ഫസ്റ്റ്- പൈലറ്റ് 1, ക്യാബിന്‍ ക്രൂ 5
വിസ്താര- പൈലറ്റ് 1, ക്യാബിന്‍ ക്രൂ 2
എയര്‍ ഇന്ത്യ എക്‌സ്പ്രസ്- പൈലറ്റ് 1
അലയന്‍സ് എയര്‍- പൈലറ്റ് 1
എയര്‍ ഇന്ത്യ- ക്യാബിന്‍ ക്രൂ 5
എയര്‍ ഏഷ്യ- ക്യാബിന്‍ ക്രൂ 4
ഒരോ വിമാനവും പുറപ്പെടുന്നതിന് മുമ്പ് ചുരുങ്ങിയത് 50 ശതമാനം ജീവനക്കാര്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയരാവണമെന്നാണ് ഡി ജി സി എ ചട്ടം. പരിശോധനക്ക് പുറമെ മുഴുവന്‍ സ്റ്റാഫും ഡ്യൂട്ടി സമയത്തിന് 12 മണിക്കൂറിനുള്ളില്‍ മദ്യത്തിന്റെ ഉപഭോഗം നടത്തിയിട്ടില്ലെന്ന് കാണിച്ച് മെഡിക്കല്‍ സ്റ്റാഫിന് മുമ്പാകെ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയും ആയത് ക്യാമറയില്‍ പകര്‍ത്തുകയും വേണം.
ഡി ജി സി എ ചട്ടങ്ങള്‍ അനുസരിച്ച്, ആദ്യമായി ആല്‍ക്കഹോള്‍ ടെസ്റ്റില്‍ പരാജയപ്പെടുന്ന പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും മൂന്ന് മാസത്തേക്ക് വിമാനം പറത്തുന്നതിനും ക്യാബിന്‍ ക്രൂ ജോലി ചെയ്യുന്നതിലും വിലക്കുണ്ട്. രണ്ടാം തവണ ടെസ്റ്റില്‍ പരാജയം സംഭവിച്ചാല്‍ മൂന്ന് വര്‍ഷത്തേക്കാണ് വിലക്ക്. മൂന്നാം തവണയും ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അവരുടെ ഫ്‌ളൈയിംഗ് ലൈസന്‍സ് ശാശ്വതമായി റദ്ദാക്കപ്പെടും.
വിമാനത്തില്‍ ജോലി ചെയ്യുന്ന സമയത്ത് മദ്യത്തിന്റെ ഏറ്റവും കുറഞ്ഞ അളവ് പോലും അനുവദിക്കുന്നില്ല ഡി ജി സി എ.
കോവിഡിന് മുമ്പ് മുഴുവന്‍ പേരും ഇത്തരം ടെസ്റ്റിന് വിധേയരാവേണ്ടതുണ്ടായിരുന്നു. പിന്നീട് കോവിഡ് സമയത്ത് രണ്ട് മാസം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയ ടെസ്റ്റ് പിന്നീട് പടിപടിയായി ഉയര്‍ത്തുകയാണ് ഡി ജി സി എ.

