ഹൂത്തി ആക്രമണം: സൗദി അരാംകോ ജിസാന്‍ എണ്ണ ശുദ്ധീകരണശാല താത്ക്കാലികമായി അടച്ചു

Web Desk
1 Min Read

റിയാദ്: യെമനിലെ ഹൂത്തി വിമതര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് സൗദി അരാംകോയുടെ പ്രതിദിനം നാല് ലക്ഷം ബാരല്‍ ശേഷിയുള്ള ജിസാന്‍ എണ്ണ ശുദ്ധീകരണശാല താത്ക്കാലികമായി അടച്ചതായി അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയായ ഐ ഐ ആര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

city exchange

ആക്രമണത്തില്‍ ശുദ്ധീകരണശാലയിലെ ഇന്റഗ്രേറ്റഡ് ഗാസിഫിക്കേഷന്‍ കംബൈന്‍ഡ് സൈക്കിള്‍ (ഐ ജി സി സി) സമുച്ചയത്തിനും ഇന്ധന സംഭരണ ടാങ്കുകള്‍ ഉള്‍പ്പെട്ട ടാങ്ക് ഫാം മേഖലയ്ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15-ഓടെ പ്ലാന്റിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കാനാണ് അരാംകോ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം തേടി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് നടത്തിയ അഭ്യര്‍ഥനയ്ക്ക് സൗദി അരാംകോ ഉടന്‍ മറുപടി നല്‍കിയില്ല.

അതേസമയം, ഹൂത്തി സൈനിക വക്താവ് യഹ്യ സരീ, ജിസാനിലെയും യാമ്പുവിലെയും സൗദി അരാംകോയുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി പ്രസ്താവിച്ചു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ആഗോള ഊര്‍ജവിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ യുദ്ധം മറ്റൊരു മേഖല കൂടി വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

- Advertisement -
Ad image

ആക്രമണത്തിന് പിന്നാലെ ജിസാന്‍ റിഫൈനറിയില്‍ നിന്ന് വലിയ തോതില്‍ കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ ആധികാരികത റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!