

ദോഹ: വര്‍ത്തമാനകാല സമൂഹത്തെ മാനസികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് സംഘടിപ്പിച്ച മാനസികാരോഗ്യ കാമ്പയിന് മെയ് 19 വ്യാഴാഴ്ച സമാപിക്കും. ഡോണ്ട് ലൂസ് ഹോപ്പ് എന്ന പ്രമേയത്തോടെ ജനുവരി മുതല്‍ മെയ് വരെ നീണ്ടുനിന്ന കാമ്പയിനില്‍ വ്യത്യസ്തവും ജനോപകാരപ്രദവുമായ നിരവധി ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

സമാപന പരിപാടിയില്‍ പ്രമുഖ വിദ്യാഭ്യാസ വിവക്ഷകനും യുവ വാഗ്മിയുമായ റാഷിദ് ഗസാലി മുഖ്യാതിഥിയായി പങ്കെടുക്കും. നീലഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് സെക്രട്ടറി, കൈസാന്‍ എജ്യൂ വെന്‍ച്വര്‍ ചെയര്മാന്, സൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ലീഡര്ഷിപ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിക്കുന്ന അദ്ദേഹം ഒരു കോര്‍പ്പറേറ്റ് ട്രൈനര്‍ കൂടിയാണ്.

വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്ക് അബൂഹമൂറിലെ ഐഡിയല്‍ സ്കൂളുല് നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
മാനസികാരോഗ്യ രംഗത്ത് കടുത്ത വെല്ലുവിളി നേരിടുന്ന സമകാലിക ലോകത്ത് ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനും അതുവഴി സമൂഹത്തെ ബോധവത്കരിക്കുവാനും ക്യാമ്പയിന് സാധിച്ചിട്ടുണ്ടെന്ന് കാമ്പയിന് കണ്‍വീനര്‍ ഡോ. റസീല്‍, സി ഇ ഒ ഹാരിസ് പി ടി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സാഹിത്യ രചനാ മത്സരങ്ങള്‍, ഷോര്‍ട്ട് ഫിലിം മത്സരം, തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകമായുള്ള പരിപാടികള്‍ കൂടാതെ റമദാനില്‍ പതിനായിരത്തിലധികം സ്മൈലീസ് (ഭക്ഷണപ്പൊതി) തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടനവധി പരിപാടികളാണ് ഇക്കാലയളവില്‍ നടത്താന്‍ സാധിച്ചത് എന്നും ഫോക്കസ് ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.
കാമ്പയിനുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ സമാപന സെഷനില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 74718707, 30256335, 30702347 എന്നീ നമ്പറുകളിലോ ഫോക്കസ് ഖത്തറിന്റെ ഫേസ്ബുക്ക് പേജുവഴിയോ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

