

കോഴിക്കോട്: നിര്‍മ്മാണത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് കൂളിമാട് കടവ് പാലം തകര്‍ന്ന സംഭവത്തില്‍ പ്രദേശത്ത് വിജിലന്‍സ് സംഘം പരിശോധന നടത്തി.

തിരുവനന്തപുരത്തു നിന്നുള്ള പ ഡബ്ല്യു ഡി വിജിലന്‍സ് വിഭാഗമാണ് സ്ഥലം സന്ദര്‍ശിച്ചത്. ബീം തകര്‍ന്നതില്‍ വിശദമായ പരിശോധന വേണമെന്നും തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരുമെന്നും വിജിലന്‍സ് വിഭാഗം അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളുള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം തകര്‍ന്നു വീണത്.

തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലന്‍സ് സംഘം പരിശോധിച്ചു. സംഭവത്തില്‍ നിര്‍മ്മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തും. പരിസരവാസികളില്‍ നിന്നുള്‍പ്പെടെ സംഘം വരും ദിവസങ്ങളില്‍ മൊഴിയെടുക്കുമെന്നും വിവരമുണ്ട്. ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂവെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കിഫ്ബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡും സംഭവം അന്വേഷിക്കുന്നുണ്ട്. നിലവില്‍ ഒന്നിലേറെ പാലങ്ങള്‍ ഉളള പ്രദേശത്താണ് 25 കോടി രൂപ ചെലവിട്ട് പുതിയൊരു പാലം നിര്‍മ്മിച്ചത്.

