

കോഴിക്കോട്: പന്തീരാങ്കാവ് കുറ്റിക്കാട്ടൂര്‍ മുതുവനത്താഴം റോഡില്‍ ശിവസേന ഓഫീസിനു സമീപത്തുവച്ച് കൂട്ടുകാരിയോടൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ മാല പിടിച്ചുപറിച്ച സംഘത്തെ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസും ചേര്‍ന്ന് പിടികൂടി.

ബേപ്പൂര്‍ നടുവട്ടം സ്വദേശിയായ സല്‍മാന്‍ ഫാരിസ്, വട്ടക്കിണര്‍ സ്വദേശിയായ മാന്‍ എന്നറിയപ്പെടുന്ന മഹന്ന മുഹമ്മദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നാല്‍പതിലധികം സി സി ടി വി ദൃശ്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി സിറ്റി ക്രൈം സ്‌ക്വാഡ് പരിശോധിച്ചത്.

പോലീസിനെ കബളിപ്പിക്കാന്‍ പിടിച്ചുപറിക്കാര്‍ പരസ്പരം വസ്ത്രം മാറിയാണ് ധരിച്ചിരുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറില്‍ കൃത്രിമം കാണിച്ചും സൈഡ് വ്യൂ മിറര്‍ അഴിച്ചുമാറ്റിയും അന്വേഷണ സംഘത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പഴുതടച്ച അന്വേഷണത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലാകുകയായിരുന്നു. നടക്കാവ് എരഞ്ഞിപ്പാലത്ത് സരോവരത്ത് വീടിനു സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ നാലര പവന്‍ സ്വര്‍ണമാല പിടിച്ചുപറിച്ചതും ഇതേ സംഘം തന്നെയായിരുന്നു.
ഒരേ ദിവസം തന്നെ രണ്ടിടങ്ങളില്‍ മാല പിടിച്ചുപറിച്ച് കുപ്രസിദ്ധരായ പിടിച്ചുപറി സംഘത്തെ പന്തീരാങ്കാവ് സബ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍ അറസ്റ്റ് ചെയ്തു. മാറാട് പോലീസ് സ്റ്റേഷനില്‍ അടിപിടി കേസുകളിലും നിരോധിത മയക്കുമരുന്നായ കഞ്ചാവ് ഉപയോഗിച്ചതിനും സല്‍മാന്‍ ഫാരിസിനെതിരെ കേസ് നിലവിലുണ്ട്. മാറാട് പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സല്‍മാന്‍ ഫാരിസ് നല്ലനടപ്പ് ജാമ്യത്തിലാണ്. കഞ്ചാവ് ഉപയോഗിച്ചതിന് മെഹന്ന മുഹമ്മദിനെതിരെയും പോലീസ് കേസെടുത്തിരുന്നു.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാര്‍, സി കെ സുജിത്, ഷാഫി പറമ്പത്ത്, പന്തീരാങ്കാവ് സി പി ഓ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

