
കൊച്ചി: ഐ എന്‍ എല്ലിലെ ചേരിപ്പോര് പിളര്‍പ്പിലേക്ക് വഴിവെച്ചതിന് പിന്നാലെ നാടകീയ നീക്കവുമായി ഇരുവിഭാഗവും. പരസ്പരം ഇരുവിഭാഗവും പുറത്താക്കിയതായി പ്രഖ്യാപിച്ചു. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെയും പുറത്താക്കിയതായി ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പ്രഖ്യാപിച്ചു. എന്നാല്‍ എ പി അബ്ദുല്‍ വഹാബിനെയും ഏഴ് സെക്രട്ടറിയേറ്റ് അംഗങ്ങളേയും പുറത്താക്കുന്നതായി കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു.
എ പി അബ്ദുല്‍ വഹാബ് പറയുന്നതിങ്ങനെ: നിര്‍ണായക തീരുമാനമെടുക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റിലാണ്. എന്നാല്‍ 2021ല്‍ ഒരു യോഗം പോലും ചേര്‍ന്നില്ല. മൂന്നു സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചു. അതിനെക്കുറിച്ച് പോലും ചര്‍ച്ച ചെയ്തില്ല. 2018ല്‍ ഒമ്പത് യോഗങ്ങളും 2019ല്‍ ആറ് സെക്രട്ടറിയേറ്റ് യോഗങ്ങളും 2020ല്‍ രണ്ട് യോഗങ്ങളുമാണ് നടന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന തരം പ്രസ്താവന സെക്രട്ടറി ഇറക്കിയത് കൂടിയാലോചിക്കാതെയാണ്. ഐ എന്‍ എല്ലിനെ നശിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ ഏജന്റാണോ കാസിം ഇരിക്കൂറെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് സംഘര്‍ഷം നടന്നതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഐ എന്‍ എല്‍ പ്രവര്‍ത്തകരെ ലീഗിലേക്ക് സ്വാഗതം ചെയ്തത് അതിന് തെളിവാണ്. പ്രശ്നങ്ങള്‍ മുന്നേ ബോധ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാകരുതെന്ന് കരുതിയാണ് ക്ഷമിച്ചത്. കാസിം ഇരിക്കൂര്‍ പറയുന്നത്: പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബിനെ നീക്കം ചെയ്യുന്നു. പകരം വര്‍ക്കിങ് പ്രസിഡന്റ് ബി ഹംസ ഹാജിയെ പ്രസിഡന്റായി നിയമിക്കുന്നു. കൂടാതെ പ്രകോപനപരമായി പെരുമാറിയ എന്‍ കെ അബ്ദുല്‍ അസീസ്, നാസര്‍ കോയ തങ്ങള്‍, ഒ പി ഐ കോയ, പോക്കര് മാസ്റ്റര്‍, എച്ച് മുഹമ്മദലി, വടേരി ബഷീര്‍, സി എച്ച് മുസ്തഫ എന്നീ സെക്രട്ടറിയേറ്റ് മെമ്പര്‍മാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നു. അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കോഴിക്കോട് ജില്ല സെക്രട്ടറി ഷര്‍മദ് ഖാനെയും പുറത്താക്കുന്നു. എവിടെ നിന്നോ എത്തിയ, നേതാക്കളെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത ഗുണ്ടകളാണ് ഇന്ന് പ്രശ്നമുണ്ടാക്കിയത്. അവര്‍ പരസ്പരം ഏറ്റുമുട്ടിയതാണ്. ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതാണെന്ന വാര്‍ത്ത ശരിയല്ല. പ്രൊഫഷണല്‍ ഗുണ്ടകളാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍. എറണാകുളത്തേക്ക് വരുമ്പോള്‍ ഞങ്ങളുടെ ബസിന് നേരെ ആക്രമണ ശ്രമമുണ്ടായി. പാര്‍ട്ടിയില്‍ പിളര്‍പ്പില്ല. ഭൂരിപക്ഷം പ്രവര്‍ത്തകരും സെക്രട്ടറിയേറ്റ് അംഗങ്ങളും ദേശീയ നേതൃത്വവും ഞങ്ങളോടൊപ്പമാണ്. ചെറിയ വിഭാഗമാണ് ഇറങ്ങിപ്പോയത്. മുസ്ലിംലീഗാണ് ഇവരുടെ പിന്നില്‍.

