

കൊച്ചി: കേരളത്തിലെ നക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ഫെസിലിറ്റി മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന ഹൗസ്‌കീപ്പിംഗ് പ്രൊഫഷനലുകളുടെ സംഘടനയായ കേരള പ്രൊഫഷനല്‍ ഹൗസ്കീപ്പേഴ്സ് അസോസിയേഷന്‍ എട്ടാമത് വാര്‍ഷിക പരിപാടികള്‍ സെപ്തംബര്‍ 12ന് ചൊവ്വാഴ്ച ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ ഒന്‍പതരയ്ക്ക് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം പി വിശിഷ്ടാതിഥിയാകും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം ഹൗസ്‌കീപ്പിംഗ് എക്‌സിക്യുട്ടീവുകള്‍, വിവിധ ഹോട്ടലുകളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍, പര്‍ച്ചേസ് മാനേജര്‍മാര്‍, ആതിഥേയ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയേഴ്സ് ഫോറത്തില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രൊഫഷനല്‍ ഹൗസ്‌കീപ്പര്‍മാരുടെ ദേശീയ സംഘടനയായ പ്രൊഫഷനല്‍ ഹൗസ്കീപ്പേഴ്സ് അസോസിയേഷന്‍ (പി എച്ച് എ) കേരള ചാപ്റ്ററിനും സംഗമത്തില്‍ തുടക്കമാകും. സംസ്ഥാനത്തെ ആതിഥേയ, ആതുരശുശ്രൂഷാ മേഖലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ മാലിന്യസംസ്‌കരണ വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടക്കും. ഹൗസ്‌കീപ്പിംഗ് എക്സിക്യൂട്ടീവുമാരില്‍ നിന്ന് ജനറല്‍ മാനേജര്‍മാരായി ഉദ്യോഗക്കയറ്റം നേടിയവരെ ചടങ്ങില്‍ ആദരിക്കും. രണ്ടു മാസമായി കൊച്ചയിലേയും മൂന്നാറിലേയും ഹൗസ്‌കീപ്പിംഗ് സ്റ്റാഫംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ബെഡ് മേക്കിംഗ്, ടവല്‍ ആര്‍ട്ട്, പേപ്പര്‍ ഒറിഗാമി മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.
കെ പി എച്ച് എ സംസ്ഥാന പ്രസിഡന്റ് ബിന്ദു പ്രവീഷ്, സെക്രട്ടറി രൂപേഷ്, ട്രഷറല്‍ ബീനാ സതീഷ്, കമ്മിറ്റി അംഗം കല്യാണി മേനോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

