

ആലപ്പുഴ: ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമനെത്തിയില്ലെങ്കിലും പുതിയ കളക്ടറായി വി ആര് കൃഷ്ണ തേജ അധികാരമേറ്റു. പ്രതിഷേധം ഭയന്നാണ് ശ്രീറാം വെങ്കിട്ടരാമന് ചടങ്ങിന് എത്താതിരുന്നതെന്നാണ് വിവരം.

മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണ് വി ആര് കൃഷ്ണതേജയെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു വി ആര് കൃഷ്ണ തേജ. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു. സപ്ലൈകോ ജനറല്‍ മാനേജരായാണ് ശ്രീറാമിന്റെ പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്.
മൂന്നു വര്‍ഷം മുമ്പ് 2019 ആഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബൈക്കില്‍ സഞ്ചരിച്ച കെ എം ബഷീര്‍ മരിച്ചത്. റോഡില്‍ തെറിച്ചുവീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പിലാണ് തിരിച്ചെടുത്തത്.

