കേരള ബിസിനസ് ഫോറം പാന്‍ ഇന്ത്യ സമ്മേളന ലോഗോ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരളാ ബിസിനസ് ഫോറം ഖത്തറിലെയും ഇന്ത്യയിലെയും നിക്ഷേപ അവസരങ്ങളെ കുറിച്ച് അറിയാന്‍ സംഘടിപ്പിക്കുന്ന പാന്‍ ഇന്ത്യ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നിര്‍വഹിച്ചു. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

city exchange

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കൂടാതെ അസോസിയേറ്റഡ് സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികളും പങ്കെടുത്തു. വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍ സ്വാഗതവും ഷഹീന്‍ എം പി നന്ദിയും പ്രകാശിപ്പിച്ചു.

ഏപ്രില്‍ 30ന് ചൊവ്വാഴ്ചയും മെയ് ഒന്ന് ബുധനാഴ്ചയും ഗ്രാന്‍ഡ് ഹയാത്ത് ദോഹ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരിക്കും.

നിക്ഷേപകരും സംരംഭകരും വ്യവസായികളും മറ്റു പ്രൊഫഷണലുകളും ഉള്‍പ്പെടെ അഞ്ഞൂറില്‍ പരം ആളുകള്‍ പങ്കെടുക്കുമെന്ന് കരുതുന്ന സമ്മേളനത്തില്‍ ഇന്‍വെസ്റ്റ് ഖത്തര്‍, ഇന്‍വെസ്റ്റ് ഇന്ത്യ എന്നിവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

- Advertisement -
Ad image

ഇതൊരു സമ്മേളന പരമ്പരയായി തുടരുമെന്നും ഈ വര്‍ഷത്തെ സെഷനില്‍ എട്ടു ഇന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ നിക്ഷേപ അവസരങ്ങളെ പറ്റിയായിരിക്കും പ്രധാനമായി പ്രതിപാദിക്കുക എന്ന് കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അറിയിച്ചു.

നിര്‍മാണ മേഖല, കാര്‍ഷികം, ലോജിസ്റ്റിക്, കോള്‍ഡ് സ്റ്റോറേജ്, സ്‌പേസ് ടെക്‌നോളജി, സ്‌കില്‍സ് ഡെവലപ്‌മെന്റ്, അസിസ്റ്റീവ് ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ടെക്‌സ്‌ടൈല്‍സ്, വിനോദ സഞ്ചാരം, ജെറിയാട്രിക്‌സ് എന്നീ മേഖലകളിലുള്ള അവസരങ്ങളെ കുറിച്ചായിരിക്കും പ്രധാനമായും പരാമര്‍ശിക്കുക. ഓരോ സംസ്ഥാനത്തെയും നിയമങ്ങളും ഇളവുകളും വിവിധ സബ്സിഡികളെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാകുന്നതാണെന്നു കെ ബി എഫ് വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55891424, 55617583 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!