കാര്‍ത്തിയുടെ സര്‍ദാര്‍ ദീപാവലിക്ക്

Web Desk
3 Min Read

ചെന്നൈ: നടന്‍ കാര്‍ത്തിയുടെ ഗ്രാഫാണിപ്പോള്‍ തമിഴ്- തെലുങ്ക് സിനിമാ രംഗത്ത് അനുദിനം ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വിരുമന്‍, പൊന്നിയിന്‍ സെല്‍വന്‍ എന്നീ സിനിമകളുടെ വിജയം താരത്തിന്റെ കരിയറിന് കൂടുതല്‍ കരുത്തേകിയിരിക്കുന്നു. ഈ സിനിമകളെ തുടര്‍ന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്‍ത്തി ചിത്രം ‘സര്‍ദാര്‍ ‘ ദീപാവലിയോടനുബന്ധിച്ച് പ്രദര്‍ശനത്തിനെത്തുന്നു.

city exchange

ഇരുമ്പ്ത്തിരൈ, ഹീറോ എന്നീ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച പി എസ് മിത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം വന്‍ മുതല്‍ മുടക്കില്‍ ദീര്‍ഘ കാലത്തെ കഠിനാധ്വാനത്തിലൂടെ ഒരു ബ്രമാണ്ഡ സിനിമയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകനും സൂപ്പര്‍ ഹിറ്റ് നായകനും കൈ കോര്‍ക്കുന്നു എന്നതാണ് ഈ സിനിമയുടെ ആദ്യ സവിശേഷത.

സര്‍ദാര്‍ എന്നാല്‍ പേര്‍സ്യന്‍ ഭാഷയില്‍ പടത്തലവന്‍ എന്നാണു പൊരുള്‍. ഒരു സ്‌പൈ (ചാരന്‍) ത്രില്ലര്‍ സിനിമയാണ് സര്‍ദാര്‍. ചാര പ്രവര്‍ത്തി എന്നത് നാടുവിട്ട് നടക്കുന്ന, ദേശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തിയാണെന്നാണ് നമ്മള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ നമുക്കു ചുറ്റും ധാരാളം ചാരന്‍മാരുണ്ട്. രാജ്യത്തിന്റെ സുരക്ഷാ (മിലിട്ടറി) രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ജോലി മാത്രമല്ല ചാര പ്രവര്‍ത്തി എന്ന് വെളിപ്പെടുത്തുന്ന പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് സര്‍ദാര്‍.

- Advertisement -
Ad image

നമ്മുടെ അടുത്തുള്ള ചായപ്പീടികയിലുള്ള ഒരു പയ്യനില്‍ നിന്നു പോലും അത് തുടങ്ങാം. വളരെ സിമ്പിളായ ഒരു സ്ഥലത്ത് നിന്ന് തുടങ്ങി ഉന്നതങ്ങള്‍ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര തലം വരെ ഇത് നീളുന്നു. അന്താരാഷ്ട്ര രാഷ്ട്രീയവും ഇതിലുണ്ട്. ഇത് സാധാരണക്കാരനെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് സര്‍ദാറിലൂടെ പറയുന്നത്. ഭാരതിയാര്‍ കവിതയിലെ പോലെ, ‘നീ എന്നത് ആരാണ്? ശരീരമോ ജീവനോ പ്രവൃത്തിയോ…’ നമ്മുടെ ഐഡന്റിറ്റി നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ്. ചാരന്മാരും അങ്ങനെ തന്നെ. അലക്‌സാണ്ടര്‍, ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ ഭരണാധിപന്മാരുടെ വിജയത്തിനു പ്രാധാന കാരണം ചരന്‍മാരാണെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാവും. അങ്ങനെയുള്ള ചാരന്മാരെ തേടി ഒരു പടത്തലവനെ പോലെ ദേശങ്ങള്‍ താണ്ടിയുള്ള കാര്‍ത്തിയുടെ യാത്രയാണ് സര്‍ദാര്‍.

പല വ്യത്യസ്ത വേഷപ്പകര്‍ച്ചയുള്ള വളരെ ജോലിയായ പൊലീസ് കഥാപാത്രമാണ് കാര്‍ത്തിയുടേത്. ഇതിലെ അച്ഛന്‍ വേഷത്തിന്റെ രൂപഭാവങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. യുവാവ്, വൃദ്ധന്‍ ഈ രണ്ടു കഥാപാത്രങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. അച്ഛന്‍ വേഷം ചെയ്യാനായി മൂന്ന് മണിക്കൂര്‍ നേരത്തെ മേക്കപ്പിന് ശേഷം, ആ മേക്കപ്പോട് കൂടി ഡയലോഗ് പറഞ്ഞ് അഭിനയിക്കാന്‍ കാര്‍ത്തിക്ക് ഏറെ അധ്വാനം വേണ്ടി വന്നത്രെ. ഒപ്പം സ്റ്റണ്ടും ചെയ്യണം. അതും ഏറെ ബുദ്ധിമുട്ടായിരുന്നു. ഈ വിധം തന്റെ കഠിനാധ്വാനത്തിലൂടെ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നിരിക്കയാണ് കാര്‍ത്തി.

റാഷി ഖന്ന, രജീഷാ വിജയന്‍ എന്നിവര്‍ മര്‍മ്മ പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുന്‍ നായിക താരം ലൈലയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.
ഇതുവരെയുള്ള കാര്‍ത്തി സിനിമകളില്‍ നിന്നും വേറിട്ട് വന്‍ മുതല്‍ മുടക്കിലാണ് പ്രിന്‍സ് പിക്‌ചേര്‍സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാര്‍ സര്‍ദാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫോര്‍ച്യണ്‍ സിനിമാസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മുഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ജി വി പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ജോര്‍ജ്ജ് സി വില്യംസാണ് ഛായഗ്രാഹകന്‍. ദിലീപ് സബ്ബരായനാണ് അതി സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന സ്റ്റണ്ട് മാസ്റ്റര്‍. ഷോബി പോള്‍രാജാണ് നൃത്ത സംവിധാനം. പി ആര്‍ ഒ: സി കെ അജയ് കുമാര്‍.

Share This Article
Leave a Comment
error: Content is protected !!